കോവിഡ് രോഗികളുടെ ടെലഫോണ്‍ വിവരം ശേഖരിക്കല്‍; മൗലികാവകാശ ലംഘനമെന്ന് പ്രതിപക്ഷ നേതാവ്

കൊവിഡ് ബാധിതരുടെ ടെലിഫോണ്‍ വിവര ശേഖരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപടി മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചെന്നിത്തല ആരോപിച്ചു. പൊലീസിന് സിഡിആര്‍ ചോദിക്കുന്നതിന് അവകാശമില്ല. പൊലീസിന്റെ നടപടി ഞെട്ടിക്കുന്നതാണ്. കൊവിഡ് രോഗബാധിതരുടെ കോണ്ടാക്ട് കണ്ടെത്തുന്നതിനാണ് സിഡിആര്‍ ശേഖരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. രോഗം വരുന്നത് ഒരു കുറ്റമല്ല. രോഗികളെ കുറ്റവാളികളായി കാണാന്‍ അനുവദിക്കില്ല. വിഷയത്തില്‍ കോടതിയില്‍ പോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം, കൊവിഡ് രോഗികളുടെ ടെലിഫോണ്‍ വിവരം ശേഖരിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. കോണ്ടാക്ട് ട്രെയ്‌സിംഗിനായി നിരവധി സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് കൊവിഡ് രോഗികളുടെ ഫോണ്‍ വിളികള്‍ സംബന്ധിച്ച കോള്‍ ഡീറ്റേയില്‍സ് റിക്കാര്‍ഡ് ശേഖരിക്കാന്‍ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയത്. ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് ഈ രീതിയില്‍ വിവര ശേഖരണം നടത്താന്‍ അനുമതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുജനാരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് കേരളത്തില്‍ സിഡിആര്‍ ശേഖരിച്ച് രോഗികളുടെ വിവിരങ്ങള്‍ കണ്ടെത്തുന്നത്. ഏതാനും മാസങ്ങളായി ഈ മാര്‍ഗം ഉപയോഗിക്കുന്നുണ്ട്. കോണ്ടാക്ട് ട്രെയ്‌സിംഗിനായുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണിത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറുകയോ മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യില്ല. അതുകൊണ്ടുതന്നെ സിഡിആര്‍ ശേഖരിക്കുന്നത് രോഗികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദത്തില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

SHARE