റണ്‍വേക്ക് സമീപമുള്ള വീട്ടിലേക്ക് വിമാനം ഇടിച്ചിറങ്ങി; പത്ത് മരണം

മനില: ഫിലിപ്പീന്‍സില്‍ റണ്‍വേക്ക് സമീപമുള്ള വീട്ടിലേക്ക് വിമാനം ഇടിച്ചിറങ്ങി പത്ത് മരണം. വിമാനത്തിലുണ്ടായിരുന്ന അഞ്ച് യാത്രികരും വീടിനും പരിസരത്തുമുണ്ടായിരുന്ന അഞ്ച് പേരുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. പൈപ്പര്‍- 23 വിഭാഗത്തില്‍ പെടുന്ന അപ്പാച്ചെ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് ഫിലിപ്പീന്‍സ് സിവില്‍ ആവിയേഷന്‍ അതോറിറ്റി തലവന്‍ എറിക് അപ്പോളോണിയോ അറിയിച്ചു.

ഫിലിപ്പീന്‍സിലെ ബുലാകേന്‍ പ്രൊവിന്‍സിലെ പ്ലാരിഡേല്‍ നഗരത്തിലാണ് ശനിയാഴ്ച്ച അപകടമുണ്ടായത്. പൈലറ്റടക്കം ആറ് പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനം വീട്ടിലേക്ക് ഇടിച്ച് കയറിയതോടെ വീടിന് തീ പിടിക്കുകയായിരുന്നു.

വീടിന് സമീപം ഉണ്ടായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. അപകടത്തിന് കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം സമീപത്തുണ്ടായിരുന്ന പോസ്റ്റിലിടിച്ചതിന് ശേഷം വീട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ലൈറ്റ് എയര്‍ എക്‌സ്പ്രസിന്റെ വിമാനമാണ് അപകടത്തില്‍പെട്ടത്. അപകടത്തെ തുടര്‍ന്ന് എയര്‍ പോര്‍ട്ട് അതോറിറ്റി അന്വേഷണം ആരംഭിച്ചു.

SHARE