തൊഴിലാളി സംരക്ഷണം: ഖത്തറിന് പ്രശംസ

ദോഹ: ഖത്തറിന്റെ തൊഴിലാളി സംരക്ഷണപ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ഫിലിപ്പൈന്‍സ് ഡെപ്യൂട്ടി തൊഴില്‍, എംപ്ലോയ്‌മെന്റ് മന്ത്രി സിരിയാകോ എ ലഗുന്‍സാദ്. തൊഴിലാളികളുടെ അവകാശസംരക്ഷണങ്ങള്‍ക്കായി ശക്തമായ ചുവടുവയ്പ്പുകളാണ് ഖത്തര്‍ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയതായിരുന്നു അദ്ദേഹം. രാജ്യത്തെ തൊഴിലാളി ക്ഷേമവും സൗഖ്യവും ഫിലിപ്പൈന്‍ സമൂഹം ആസ്വദിക്കുന്നുണ്ട്. രാജ്യത്തിന്റെ വികസനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ് ഫിലിപ്പിനോ സമൂഹം. ഇവിടത്തെ സംവിധാനങ്ങളിലും ഒരുക്കങ്ങളിലും തൃപ്തിയുണ്ട്. ഖത്തറിലേക്ക് കൂടുതല്‍പേരെ അയയ്ക്കാന്‍ ഫിലിപ്പൈന്‍സ് താല്‍പര്യപ്പെടുന്നുണ്ട്. തൊഴിലാളികള്‍ ഇവിടെ അവകാശങ്ങള്‍ ആസ്വദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ ഫിലിപ്പൈനി തൊഴില്‍ശക്തി വിപുലീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.