ഡോക്ടറേറ്റ് നേടിയ ആള്‍ ഉള്‍പ്പെടെ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ മനാന്‍ ബഷീര്‍ വാനിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഇയാള്‍ ഈ വര്‍ഷമാണ് തീവ്രവാദ സംഘടനയില്‍ ചേര്‍ന്നത്. വടക്കന്‍ കശ്മീരിലെ ഹന്ദ്വാരയിലായിരുന്നു ഏറ്റുമുട്ടല്‍. വാനിയും മറ്റ് രണ്ട് തീവ്രവാദികളും ഹന്ദ്വാരയിലെ ഒരു ഒളിസങ്കേതത്തില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന പുലര്‍ച്ചെ പരിശോധന നടത്തുകയായിരുന്നു.

തീവ്രവാദികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു. രാവിലെ 11 മണി വരെ ഏറ്റുമുട്ടല്‍ നീണ്ടുനിന്നു. കൂടുതല്‍ വിശദാംശങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല. രണ്ടാംഘട്ട തദ്ദേശ സ്വയംഭരണ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെയായിരുന്നു ഏറ്റുമുട്ടല്‍. തെരഞ്ഞെടുപ്പില്‍ കശ്മീര്‍ താഴ്‌വരയില്‍ ജനപങ്കാളിത്തം കുറവായിരുന്നു. അതേസമയം ഉന്നത വിദ്യഭ്യാസം നേടിയവര്‍ തീവ്രവാദത്തിലേക്ക് തിരിയുന്നത് ദു:ഖകരമാണെന്ന് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രതികരിച്ചു.