പെട്ടിമുടി ദുരന്തം; തിരിഞ്ഞു നോക്കാതെ മുഖ്യമന്ത്രി, അനങ്ങാതെ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍

ഇടുക്കി: രാജമല പെട്ടിമുടി ദുരന്തത്തില്‍ സര്‍ക്കാര്‍ വിവേചനവും അനാസ്ഥയും കാണിക്കുന്നതായി ആക്ഷേപം. സംഭവ സ്ഥലത്തുനിന്ന് ഇനിയും മൃതദേഹങ്ങള്‍ മുഴുവനായും കണ്ടെടുത്തിട്ടില്ല. 26 പേരാണ് മരിച്ചത്. 40 പേര്‍ മണ്ണിനടിയിലാണ്. ഇതുവരെയും മുഖ്യമന്ത്രി സംഭവ സ്ഥലം സന്ദര്‍ശിക്കാത്തതില്‍ നാട്ടുകാര്‍ക്ക് അമര്‍ഷമുണ്ട്. മരിച്ചവരുടെ കുടുംബത്തിന് പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയും അപര്യാപ്തമാണെന്ന് വിലയിരുത്തപ്പെടുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പെട്ടിമുടി സന്ദര്‍ശിക്കും. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായത്. മുപ്പത് മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.

രണ്ടു ദിവസമായി രക്ഷാപ്രവര്‍ത്തനം തുടരുന്ന പെട്ടിമുടിയില്‍നിന്ന് നഗരത്തിലെ ആശുപത്രിയിലേക്ക് വാഹന ഗതാഗതം പ്രയാസമാണെന്നിരിക്കെ ഹെലികോപ്റ്റര്‍ സഹായം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇത്തരം ആവശ്യങ്ങള്‍ക്കു വേണ്ടിയെന്ന പേരില്‍ സര്‍ക്കാര്‍ വന്‍തുക വാടക കൊടുത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഹെലികോപ്റ്റര്‍ അനങ്ങാത്തതിലും പ്രതിഷേധമുണ്ട്. പ്രതിമാസം കോടിക്കണക്കിന് രൂപ വാടക കൊടുത്താണ് ഹെലികോപ്റ്റര്‍ വാങ്ങിയത്. കാലാവസ്ഥ മോശമായതിനാല്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ന്യായം.

എന്നാല്‍ ഈ രണ്ടു ദിവസമായിട്ടും കാലാവസ്ഥ അനുകൂലമായ സമയം നോക്കി ഹെലികോപ്റ്റര്‍ സംഭവ സ്ഥലത്ത് എത്താത്തത് എന്ത് എന്നാണ് നാട്ടുകാരുടെ ചോദ്യം. ഇതുവരെ രണ്ടുതവണ മാത്രമാണ് പൊതുജനങ്ങള്‍ക്ക് ഉപകാരമുള്ള കാര്യത്തിന് ഹെലികോപ്റ്റര്‍ പറന്നത്. അവയവ മാറ്റ ശസ്ത്രക്രിയകള്‍ക്കു വേണ്ടിയായിരുന്നു ഇത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നേവിയുടെ ഹെലികോപ്റ്റര്‍ നിസാര തുകക്ക് വാടകക്ക് എടുക്കാമെന്നിരിക്കെ സ്ഥിരമായി വാടക കൊടുത്ത് ഹെലികോപ്റ്റര്‍ വാങ്ങിയിട്ട സംഭവമാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. ഒരു വര്‍ഷം 18 കോടിയോളം രൂപ വാടകക്ക് ചെലവാക്കുന്ന ഹെലികോപ്റ്റര്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ നോക്കുകുത്തിയാവുകയാണ്.