മൂന്നാര്‍: ഉരുള്‍പൊട്ടലുണ്ടായ രാജമല പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനവും തിരച്ചിലും രാവിലെ പുനരാരംഭിച്ചു. എന്‍ ഡി ആര് എഫിന്റെ നേതൃത്വത്തിലാണ് രണ്ടാം ദിവസം തിരച്ചില്‍ ജോലികള്‍ നടക്കുക. കൂടുതല്‍ മണ്ണ്മാന്തി യന്ത്രങ്ങള്‍ ഉള്‍പ്പെടെ എത്തിച്ച സാഹചര്യത്തില്‍ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് കൂടുതല്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
പെട്ടിമുടി ദുരന്തത്തില്‍ മരിച്ച 17 പേരുടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. പോസ്റ്റ്മോര്‍ട്ടം നടപടി അവിടെത്തന്നെ ആരംഭിച്ചു.പെട്ടിമുടിയില്‍ ഇപ്പോഴും ചാറ്റല്‍ മഴ തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഉരുള്‍പൊട്ടലുണ്ടായ ഭാഗത്ത് വെള്ളമൊഴുക്ക് നിലനില്‍ക്കുന്നതിനാല്‍ ചതുപ്പ് പോലെ രൂപപ്പെട്ട് ചവിട്ടുന്നിടം താഴ്ന്ന് പോകുന്ന സ്ഥിതിയുണ്ട്. ഇതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. വെള്ളിയാഴ്ച്ച കണ്ടെത്തിയവരുടെ മൃതദേഹങ്ങള്‍ ഇന്ന് പെട്ടി മുടിയില്‍ തന്നെ തയ്യാറാക്കിയ പ്രത്യേക ഇടത്ത് പോസ്റ്റുമാര്‍ട്ടം നടത്തുമെന്ന വിവരം ലഭിക്കുന്നുണ്ട്.
ഇവരുടെ സംസ്ക്കാര ചടങ്ങുകളും പെട്ടിമുടിയില്‍ കമ്പനി അനുവദിച്ച സ്ഥലത്ത് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. രാജമലയില്‍ നിന്നും പെട്ടിമുടിയിലേക്കുള്ള പാതയില്‍ പലയിടത്തും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിയും കിടക്കുന്ന സാഹചര്യമുണ്ട്. വലിയ വാഹനങ്ങള്‍ ദുരന്തമുഖത്തേക്കെത്തിക്കുന്നതിന് ഇത് വെല്ലുവിളി ഉയര്‍ത്തുന്നു. പ്രാദേശിക ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയുമെല്ലാം സാന്നിധ്യവും സഹകരണവുമെല്ലാം ദുരന്തമുഖത്ത് സജീവമായുണ്ട്. റവന്യൂ മന്ത്രി ഇന്ന് സ്ഥലം സന്ദര്‍ശിക്കും. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതോടെ കൂടുതല്‍ ആളുകളെ മണ്ണിനടിയില്‍ നിന്നും കണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷ.