പെട്ടിമുടി മണ്ണിടിച്ചില്‍; 16 പേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി, മരിച്ചവരുടെ എണ്ണം 42 ആയി

മൂന്നാര്‍: രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലില്‍ കാണാതായ 16 പേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 42 ആയി. എട്ട് പേരുടെ മൃതദേഹം സമീപത്തെ അരുവിയില്‍ നിന്നാണ് കണ്ടെടുത്തത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് 24 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് 200 ദുരന്തനിവാരണ സേനാംഗങ്ങള്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ജില്ലാ പൊലീസ് സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡും പരിശോധനയില്‍ പങ്കെടുക്കുന്നു.

രാഷ്ട്രീയ, സന്നദ്ധ സംഘടനകളില്‍ അംഗങ്ങളായ പ്രവര്‍ത്തകരും പിന്തുണയുമായി ഇവിടെയുണ്ട്.പ്രദേശത്ത് വീണ്ടും ചെറിയ മണ്ണിടിച്ചില്‍ ഉണ്ടാകുന്നുണ്ട്. കുത്തൊഴുക്കായി മലവെള്ളം എത്തിയതും വെല്ലുവിളിയായി. പെട്ടിമുടിയിലെ 3 ഏക്കര്‍ പ്രദേശത്താണ് കല്ലും മണ്ണും നിറഞ്ഞത്. ഇതില്‍ അവസാനഭാഗത്തായിരുന്നു പെട്ടിമുടി ലയങ്ങള്‍. മണ്ണുമാന്തി യന്ത്രങ്ങള്‍ക്കു സഞ്ചരിക്കാന്‍ ചതുപ്പുപ്രദേശങ്ങളില്‍ മരങ്ങള്‍ മുറിച്ചിട്ടു വഴിയൊരുക്കി. മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ നാട്ടുകാരുടെ സഹായത്തോടെ ലയങ്ങളുടെ സ്ഥാനം കണക്കാക്കി.

ഏഴ് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍. പ്രദേശത്ത് വൈദ്യുതി ഇതുവരെ പുനഃസ്ഥാപിക്കാത്തതിനാല്‍ രാത്രി തിരച്ചില്‍ തുടരാന്‍ കഴിയുന്നില്ല. ഇതിനു പുറമെ ഉരുള്‍പൊട്ടല്‍ സാധ്യതയുമുണ്ട്.

SHARE