പെട്ടിമുടിയില്‍ ആറു മൃതദേഹം കൂടി കണ്ടെത്തി; ആകെ മരണം 49 ആയി

പെട്ടിമുടി: രാജമല പെട്ടിമുടി ഉരുള്‍പൊട്ടലില്‍ ആറു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. നയ്മക്കാട് എസ്‌റ്റേറ്റില്‍ തൊഴിലാളികളുടെ ലയത്തിനു സമീപമുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഇതോടെ 49 ആയി. പെട്ടിമുടി പുഴയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. എസ്‌റ്റേറ്റ് ഉടമകളായ കണ്ണന്‍ദേവന്‍ കമ്പനിയുടെ കണക്കനുസരിച്ച് 22 പേരെ ഇനി കണ്ടെത്താനുണ്ട്. വ്യാഴാഴ്ച രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ട ലയങ്ങളില്‍നിന്നു 12 പേര്‍ മാത്രമാണു രക്ഷപ്പെട്ടത്.

തിരച്ചിലിന്റെ മൂന്നാം ദിനമായ ഞായറാഴ്ച 8 മൃതദേഹങ്ങള്‍ പുഴയില്‍ നിന്നും 9 മൃതദേഹങ്ങള്‍ ചെളിയില്‍ നിന്നും കണ്ടെടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം എല്ലാവരുടെയും സംസ്‌കാരം നടത്തി. ഞായറാഴ്ച കനത്ത മഴയും മൂടല്‍ മഞ്ഞും മൂലം തിരച്ചില്‍ വൈകിട്ട് 5.30ന് നിര്‍ത്തിവച്ചു. തുടര്‍ന്ന് തിങ്കളാഴ്ച തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. പൊലീസ് നായകളെ ഉപയോഗിച്ചുള്ള തിരച്ചിലും ഞായറാഴ്ച തുടങ്ങി.

SHARE