വൈദ്യുത വാഹന രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് ഇടയാക്കുന്ന ചുവടുവയ്പുമായി പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബി.പി.സി.എല്‍.) ഇ-റിക്ഷകള്‍ക്കും ഇ-ഓട്ടോകള്‍ക്കും ചാര്‍ജ് ചെയ്ത ബാറ്ററി കൈമാറുന്ന ഇഡ്രൈവ് എന്ന പദ്ധതിയാണ് കമ്പനി അവതരിപ്പിച്ചത്.
കൈനറ്റിക് ഗ്രീനിന്റെയും ഐ.ഐ.ടി ചെന്നൈയുടെയും സഹകരണത്തോടെയാണ് പദ്ധതി. ആദ്യഘട്ടത്തില്‍ കൊച്ചിയിലും ലഖ്‌നൗവിലുമാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
പദ്ധതിപ്രകാരം ബി.പി.സി.എല്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ചാര്‍ജ് ചെയ്ത ബാറ്ററികള്‍ മാറ്റി വാങ്ങാം. വാഹന ഉടമകള്‍ക്ക് ചാര്‍ജ് ചെയ്യാനുള്ള സമയം ലാഭിക്കാമെന്നതാണ് മെച്ചം.
നിലവില്‍ ഇ-ഓട്ടോകളില്‍ ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ വീണ്ടും ചാര്‍ജ് ചെയ്യാന്‍ 2 മണിക്കൂര്‍ സമയമെടുക്കും. എന്നാല്‍, ഇനി ബാറ്ററി റീചാര്‍ജ് ചെയ്യാന്‍ നേരെ പെട്രോള്‍ പമ്പില്‍ പോയാല്‍ മതി. ഓട്ടോയില്‍നിന്നു ബാറ്ററി അഴിച്ചെടുത്തു പെട്രോള്‍ പമ്പില്‍ ഏല്‍പ്പിച്ചാല്‍ അവിടെ നിന്നും ഫുള്‍ ചാര്‍ജ് ചെയ്ത ബാറ്ററി ഓട്ടോയില്‍ ഘടിപ്പിക്കാം. അതായത് വെറും അഞ്ച് മിനിറ്റിനകം ഓട്ടോ വീണ്ടും ഫുള്‍ ചാര്‍ജ് ആകുമെന്ന് ചുരുക്കം.
കൊച്ചിയില്‍ മെട്രോ ഫീഡര്‍ സേവനങ്ങള്‍ക്കായി ഓടുന്ന 20 ഇ-ഓട്ടോകളില്‍ ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കും. വാടകക്കാണ് വാഹനം ലഭിക്കുക. ഇതിനാല്‍ വൈദ്യുത വാഹനങ്ങള്‍ സ്വന്തമാക്കാനുള്ള വന്‍ ചെലവും ഇല്ല. കൊച്ചിയില്‍ കൊച്ചി മെട്രോ ഓട്ടോറിക്ഷ തൊഴിലാളികളുടെ സൊസൈറ്റി അംഗങ്ങള്‍ക്കാണ് വാഹനം ലഭിക്കുക.
ഊരി നല്‍കുന്ന ബാറ്ററികള്‍, പകരം നല്‍കുന്ന ബാറ്ററികള്‍, അത് ഉപയോഗിക്കുന്ന ഓട്ടോറിക്ഷ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തും. പെട്രോള്‍ പമ്പുകളില്‍ ലഭിക്കുന്ന ചാര്‍ജ് തീര്‍ന്ന ബാറ്ററികള്‍ കളമശേരിയിലെ ബിപിസിഎല്‍ ചാര്‍ജിങ് സ്‌റ്റേഷനിലെത്തിച്ചു ചാര്‍ജ് ചെയ്തു തിരികെയെത്തിക്കും. ഇവിടെ ഒരേ സമയം 100 ബാറ്ററികള്‍ ചാര്‍ജ് ചെയ്യാം. ഒരു ബാറ്ററി ചാര്‍ജ് ചെയ്യാന്‍ 2 മണിക്കൂര്‍. എറണാകുളം നോര്‍ത്ത്, ഹൈക്കോടതി ജംക്ഷന്‍ എന്നിവിടങ്ങളിലെ പമ്പുകളില്‍കൂടി വൈകാതെ ബാറ്ററികള്‍ മാറ്റിയെടുക്കാനുളള സൗകര്യം ലഭ്യമാകും.