പെട്രോളിനും ഡീസലിനും തുടര്‍ച്ചയായ ആറാം ദിവസവും വിലകൂട്ടി; ഒരാഴ്ച്ചക്കിടെ വര്‍ധിച്ചത് 3.42 രൂപ

ന്യൂഡല്‍ഹി: കോവിഡില്‍ ജോലി നഷ്ടപ്പെട്ട് ജനങ്ങള്‍ ദുരിതജീവിതം തുടരുന്നതിനിടെ രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ്. പെട്രോളിന് 57 പൈസയും ഡീസലിന് 59 പൈസയുമാണ് വെള്ളിയാഴ്ച കൂട്ടിയത്.

കോവിഡ് ലോക്ക്ഡൗണ്‍ നിലനില്‍ക്കെ 82 ദിവസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് വിലകൂട്ടാന്‍ തുടങ്ങിയത്. ഇതോടെ പെട്രോളിന് 3.31 രൂപയും ഡീസലിന് 3.42 രൂപയുമാണ് ഒരാഴ്ച്ചക്കിടെ വര്‍ധിച്ചത്.

രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയിലന് വില കുത്തനെ കുറഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നികുതി കൂട്ടുകയാണുണ്ടായിരുന്നത്. ഏപ്രിലില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 16 ഡോളറിലെത്തിയിട്ടും ഇവിടെ വില മാറിയിരുന്നില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചതായി ആരോപിച്ചാണ് എണ്ണ വിപണന കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ മെയ് മാസത്തില്‍ നിലവിലെ വിലയുടെ പകുതി മാത്രമേ ഉണ്ടായിരുന്നു. അസംസ്‌കൃത എണ്ണ ഇപ്പോള്‍ ബാരലിന് 40 ഡോളറാണ് വില്‍ക്കുന്നത്,എന്നാല്‍ ലോക്ക്്ഡൗണിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിക്കുയാണ് ഉണ്ടായത്. മേയ് ആറിന് റോഡ് സെസും എക്‌സൈസ് തീരുവയുമായി പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപയും കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു.

ലോക്ഡൗണ്‍ ഇളവുകളോടെ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതനുസരിച്ച് ഇന്ധന കമ്പനികള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വിലയില്‍ വര്‍ദ്ധനവ് വരുത്തി കൊണ്ടിരിക്കുകയാണ്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോള്‍, എണ്ണക്കമ്പനികള്‍ക്ക് അതിന്റെ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ലെന്നാണ് അവര്‍ ആരോപിക്കുന്നത്. ജനങ്ങള്‍ക്കും അതിന്റെ ഇളവ് ലഭിച്ചിരുന്നില്ല. പകരം എക്‌സൈസ് തീരുവ പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയത്. എന്നാലിപ്പോള്‍ കോവിഡിന്റെ സാമ്പത്തിക ഞെരുക്കത്തിനിടയില്‍ എണ്ണ കമ്പനികള്‍ വിലവര്‍ദ്ധിപ്പിക്കുമ്പോള്‍ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം സര്‍ക്കാര്‍ നോക്കിനില്‍ക്കുന്ന നിലയാണ്.

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നികുതിവര്‍ധന എണ്ണക്കമ്പനികളുടെ ലാഭത്തെ ബാധിച്ചെന്ന് കാണിച്ചാണ് ഇപ്പോള്‍ എണ്ണകമ്പനികള്‍ വിലവര്‍ധിപ്പിക്കുന്നത്. ഇതുമൂലമുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാന്‍ വരുംദിവസങ്ങളില്‍ വീണ്ടും വില ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.57 രൂപയായി. ഡീസലിനാകട്ടെ 72.81 രൂപയും.

SHARE