ഭീതിയുയര്‍ത്തി പെട്രോള്‍ പമ്പുകളിലെ യുപിഐ ഇടപാട്

ചിക്കു ഇര്‍ഷാദ്

കോഴിക്കോട്: സാമ്പത്തിക രംഗവും പണമിടപാടുകളും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ മൊബൈല്‍ പേ ആകര്‍ഷണാര്‍ത്ഥം സ്ഥാപിച്ചു തുടങ്ങിയ പരസ്യബോര്‍ഡുകള്‍ വിളിച്ചുവരുത്തുന്നത് വന്‍ അപകടം. പെട്രോള്‍ പമ്പുകളില്‍ ഓണ്‍ലൈന്‍ പണമിടപാടുകളുടെ പ്രോത്സാഹനത്തിനായി വിവിധ ഡിജിറ്റല്‍ വാലറ്റ് കമ്പനികള്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകളാണ് അപകടം വിളിച്ചുവരുത്തുന്നത്.

വിവിധ യുപിഐ കമ്പനികളുടെ ക്യൂആര്‍ കോഡ് അടങ്ങിയ പരസ്യ ബോര്‍ഡുകളാണ് പേയ്റ്റിഎം ഫോണ്‍പേ തുടങ്ങിയ കമ്പനികള്‍ ഡിജിറ്റല്‍ വാലറ്റ് സംവിധാനത്തിനായി പമ്പുകളില്‍ സ്ഥാപിച്ചിരിക്കുന്നത്. പെട്രോള്‍ പമ്പുകള്‍ക്കുള്ളിലായി അതും ഇന്ധനം നിറക്കുന്ന മോട്ടോര്‍ പാമ്പുകള്‍ക്ക് തൊട്ടടുത്തായാണ് ഇവ നിലകൊള്ളുന്നത്. ഇന്ധനം നിറക്കുന്ന വേളയില്‍ തന്നെ ‘ക്യൂആര്‍ കോഡ്’ സ്‌കാനിംഗിനായി ആളുകള്‍ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്യുമ്പോള്‍ വലിയ അപകടത്തിലേക്കാണ് അത് ചെന്നത്തിക്കുക.

പെട്രോള്‍ പമ്പുകളില്‍ മൈബൈല്‍ ഉപയോഗം നിലവില്‍ നിയന്ത്രണവിധേയമാണെന്നിരിക്കെയാണ് ബന്ധപ്പെട്ടവരുടെ ഒത്താശയോടെയുള്ള ഈ പരസ്യ ഇടപാട്. ഇന്ധനം നിറക്കുന്ന സമയത്തു വാഹനത്തിന്റെ ടാങ്കിന് പരിസരങ്ങളിലായി വായുവില്‍ ഇന്ധനം പടര്‍ന്നു നില്‍ക്കാറുണ്ട്.
ഈ സമയങ്ങളില്‍ സ്പാര്‍ക്കിങ് സാധ്യതയുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ തീപ്പിടുത്തം ഉണ്ടാവുകയാണ് പതിവ്.

യുപിഐ ഇടപാടുകള്‍ക്കായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ സാധാ നെറ്റവര്‍ക്കിന് പുറമെ ഡാറ്റയും ഒപ്പം ക്യാമറയും ലൊക്കേഷനും ഉപയോഗിക്കേണ്ടി വരുന്നുണ്ട്. ഇത് മൊബൈല്‍ ബാറ്ററിയെ ചൂടാക്കാനും ഒപ്പം സ്പാര്‍ക്കിങ് സംഭവിക്കാനും ഇടവരുത്തുന്നു. ഇതു ജീവഹാനിയടകം വന്‍ അപകടങ്ങളിലേക്കാണ് കൊണ്ടെത്തിക്കുക.

രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ ഒന്നും കണ്ടില്ലെന്ന മട്ടാണ്.

കേരളത്തിലെ മിക്ക പമ്പുകളിലും ഫോണ്‍പേയും, പേയ്റ്റിഎമ്മുമാണ് യുപിഐ ക്യൂ ആര്‍ കോഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പെട്രോള്‍ പമ്പുകളില്‍ വെച്ച് മൊബൈല്‍ ഉപയോഗിക്കുന്നതിനെതിരെ ആളുകള്‍ പ്രതികരിക്കാറുണ്ടെകിലും പുതിയ സംവിധാനത്തിന്റെ മറപിടിച്ചുള്ള ഉപയോഗം ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. അപകടം വന്നെത്തും മുന്നേ അധികാരികളുടെ ഇടപെടലുണ്ടാവണമെന്നാണ് ആവശ്യം.

പണമിടപാടുകള്‍ പരിസരത്തുനിന്നും മാറ്റുന്നതിനായി ക്യൂആര്‍ കോഡ് സ്‌കാനിങ് സംവിധാനങ്ങള്‍ക്ക് പ്രത്യേകം സഞ്ചീകരണം ഒരുക്കുന്നതാവും ഉത്തമം.

SHARE