ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു: കോടികളുടെ കൊള്ളലാഭം കൊയ്ത് പെട്രോളിയം കമ്പനികള്‍

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു മാസത്തിനിടെ പെട്രോളിന് 3.2 രൂപയും ഡീസലിന് 4.71 രൂപയും വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്ന് തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് പെട്രോളിന്റെ വില 76.97 ഉം ഡീസലിന്റെ വില 69.58 ഉം മാണ്. മോദി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലി ലോക്‌സഭയില്‍ ഇന്നു അവതരിപ്പിക്കുന്നതിനിടെയാണ് ഇന്ധനവില വീണ്ടും വര്‍ദ്ധിച്ചത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്നിരിക്കുന്ന ഘട്ടത്തിലാണ് വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത്

ഒരു ബാരല്‍ ക്രൂഡ് ഓയില്‍ സംസ്‌കരിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളാക്കുന്നതിന് 12.32 ഡോളറാണ് മൂന്നാം പാദത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് ലഭിച്ചത്. രണ്ടാം പാദത്തില്‍ ഈ സംസ്‌കരണത്തിന് 7.98 ഡോളറായിരുന്നു നേട്ടം. അതേസമയം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ കുതിക്കുന്ന സാഹചര്യത്തില്‍ പെട്രോളിയം കമ്പനികള്‍ ഉയര്‍ന്ന ലാഭം കൊയ്യുകയാണ്.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുളള മൂന്നാം പാദത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് രണ്ടാം പാദത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം രൂപ ലാഭമുണ്ടാക്കി. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 3696 കോടി ലാഭം നേടിയ കോര്‍പ്പറേഷന്‍ മൂന്നാം പാദത്തില്‍ 7883 കോടി ലാഭമാണ് നേടിയത്. പെട്രോളിയം കമ്പനികളുടെ കൊള്ളലാഭക്കണക്ക് പുറത്തുവന്നതോടെ ഓഹരി വിപണിയിലും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് നേട്ടമുണ്ടായി. 4 ശതമാനത്തോളം ഓഹരി വില നേട്ടമുണ്ടാക്കിയതോടെ ഓഹരി 415 ല്‍ എത്തി.