ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ തുടര്‍ച്ചയായ 12-ാം ദിവസവും വര്‍ദ്ധന. കഴിഞ്ഞ 12 ദിവസങ്ങള്‍ക്കൊണ്ട് രാജ്യത്ത് പെട്രോളിന് ലിറ്ററിന് 6.55 രൂപയും ഡീസലിന് 7.04 രൂപയായുമാണ് കൂട്ടിയത്. ഇന്ന് മാത്രം പെട്രോളിന് 53 പൈസയും ഡീസലിന് 64 പൈസയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചത് കാരണമാക്കിയാണ് കമ്പനികള്‍ സ്വമേധയാ വിലവര്‍ധവ് വരുത്തുന്നത്.
തുടര്‍ച്ചയായി 82 ദിവസം എണ്ണവിലയില്‍ മാറ്റം വരുത്താതിരുന്ന ലോക്ക്ഡൗണ്‍ കാലത്തിന്‌ശേഷം ജൂണ്‍ ഏഴ് മുതലാണ് പ്രതിദിന വില പരിഷ്‌കരണം നടപ്പാക്കിയത്. അന്നു മുതല്‍ ദിവസവും വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചിരുന്നു എന്നാല്‍ എണ്ണവില കൂടിയ സാഹചര്യത്തില്‍ നികുതി കുറക്കാന്‍ മോദി സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
അതേസമയം, തുടര്‍ച്ചയായ വിലവര്‍ധവ് രാജ്യത്ത് പെട്രോള്‍ വില 85 രൂപയിലേക്ക് എത്തിനില്‍ക്കുകയാണ്. രാജ്യത്തെ വലിയ നഗരവും കോവിഡില്‍ ദുരിതം അനുഭവിക്കുന്നതുമായ മുംബൈയിലാണ് ഇന്ധന വില 80 കടന്നും ഉയരുന്നത്. വ്യാഴാഴ്ച മുംബൈയില്‍ പെട്രോള്‍ വില 51 പൈസ ഉയര്‍ന്ന് 84.66 രൂപയായപ്പോള്‍ ഡീസല്‍ വില 61 പൈസ വര്‍ധിച്ച് 74.93 രൂപയായി. ഡല്‍ഹിയില്‍ പെട്രോളും ഡീസലും യഥാക്രമം ലിറ്ററിന് 77.81 രൂപയും ലിറ്ററിന് 76.43 രൂപയുമാണ് വില. കൊല്‍ക്കത്തയില്‍ പെട്രോളിന് ഇപ്പോള്‍ 48 പൈസ ഉയര്‍ന്ന് 79.59 രൂപയും 58 പൈസ ഉയര്‍ന്ന് 71.96 രൂപയുമാണ് വില. ചെന്നൈയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 46 പൈസയും 54 പൈസയും ഉയര്‍ന്ന് ലിറ്ററിന് 81.32, 74.23 രൂപയായി.
ബില്‍ഡ് അപ്പിന്റെ ഭാഗമായി ഡല്‍ഹിയില്‍ പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് 22.11 രൂപയാണ്. 0.33 ചരക്ക് കൂലി ചേര്‍ത്ത ശേഷം ഡീലര്‍മാരില്‍ നിന്ന് ഈടാക്കുന്ന വില ലിറ്ററിന് 22.44 രൂപയാണ്. പെട്രോളിന് ലിറ്ററിന് 32.98 രൂപയാണ് നികുതിയായി സര്‍ക്കാര്‍ ഈടാക്കുന്നത്. എന്നാല്‍ ശരാശരി ഡീലര്‍ കമ്മീഷനും വാറ്റും ചേരുന്നതോടെ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് പെട്രോള്‍ ലഭിക്കുക ലിറ്ററിന് 77.81 രൂപക്കാണ്.
അതുപോലെതന്നെ ഡീസലിന്റെ അടിസ്ഥാന വില 22.93 രൂപയാണ്. ചരക്ക് (30 പൈസ), എക്‌സൈസ് ഡ്യൂട്ടി, ഡീലര്‍ കമ്മീഷന്‍, വാറ്റ് എന്നിവ ചേര്‍ത്ത ശേഷം അവസാന വില ലിറ്ററിന് 76.43 രൂപയാണ്. അതേസമയം, ചൈനയിലും അമേരിക്കയിലും കോവിഡിന്റെ രണ്ടാം തരംഗം റിപ്പോര്‍ട്ട് ചെയ്തതോടെ വ്യാഴാഴ്ച ക്രൂഡ് ഓയില്‍ വില ഒരു ശതമാനത്തിലധികം ഇടിഞ്ഞു.