പെട്രോള്‍, ഡീസല്‍ തീരുവ കുത്തനെ കൂട്ടാന്‍ സര്‍ക്കാര്‍ ലോക്‌സഭയുടെ അംഗീകാരം


ന്യൂഡല്‍ഹി : പെട്രോളിനും ഡീസലിനുമുള്ള എക്‌സൈസ് തീരുവ ഭാവിയില്‍ ലിറ്ററിന് എട്ടു രൂപ വീതം കൂട്ടുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമഭേദഗതിക്ക് ലോക്സഭയുടെ അംഗീകാരം. ധനബില്ലില്‍ ഉള്‍പ്പെടുത്താനായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ഭേദഗതിക്ക് ലോക്സഭ ശബ്ദവോട്ടോടെയാണ് അംഗീകാരം നല്‍കിയത്.

ധനകാര്യചട്ടത്തിലെ എട്ടാം പട്ടിക ഭേദഗതി ചെയ്താണ് പുതിയ എക്‌സൈസ് തീരുവ നിരക്ക് പരിധി ഏര്‍പ്പെടുത്തുന്നത്. ഇതനുസരിച്ച് ആവശ്യമുള്ള ഘട്ടങ്ങളില്‍ പെട്രോളിന്റെ തീരുവ 18 രൂപ വരെയും ഡീസലിന്റെ നിരക്ക് 12 രൂപ വരെയും ഉയര്‍ത്താം. എന്നാല്‍, ഈ പരിധി വര്‍ധന ഭാവിയില്‍ നടപടി സ്വീകരിക്കുന്നതിനാണെന്നും ഇപ്പോഴത്തെ ആവശ്യത്തിനല്ലെന്നും പെട്രോളിയം മന്ത്രാലയവൃത്തങ്ങള്‍ പിന്നീട് വ്യക്തമാക്കി.

39000 കോടി രൂപയുടെ അധിക വരുമാനം കണ്ടെത്തുന്നതിനായി ഈ മാസം 14-ന് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ മൂന്നുരൂപ വീതം വര്‍ധിപ്പിച്ചിരുന്നു.

തിങ്കളാഴ്ച ലോക്സഭയില്‍ ധനബില്‍ പരിഗണിച്ചപ്പോള്‍ പ്രതിപക്ഷ ഭേദഗതികള്‍ക്കൊന്നും അംഗീകാരം നല്‍കിയില്ല. സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികളെല്ലാം ശബ്ദവോട്ടോടെ അംഗീകരിച്ചു. ആദായനികുതി നിയമത്തില്‍ 41 ഭേദഗതികളും 2002, 2016, 2018 എന്നീ വര്‍ഷങ്ങളിലെ ധനനിയമ ഭേദഗതി ഉള്‍പ്പെടുന്ന ഒരു ഭാഗവും ചേര്‍ന്ന ഭേദഗതികളാണ് ധനമന്ത്രി അവതരിപ്പിച്ചത്.