കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന് പമ്പുടമയുടെ മുറിയിലേക്ക് വിഷപ്പാമ്പുകളെ വലിച്ചെറിഞ്ഞ് യുവാവ്

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ബുല്‍ഠാണയില്‍ പെട്രോള്‍ പമ്പില്‍ നിന്ന് കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതില്‍ കുപിതനായി പമ്പുടമയുടെ മുറിക്കുള്ളിലേക്ക് ഉഗ്രവിഷമുള്ള പാമ്പിനെ വലിച്ചെറിഞ്ഞ് യുവാവ്. യുവാവിന്റെ ഈ പ്രവൃത്തി ഓഫീസ് മുറിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ കൃത്യമായി പതിഞ്ഞിട്ടുണ്ട്.

ബുല്‍ഠാണ-മല്‍കാപൂര്‍ റോഡിലുള്ള ചൗധരി പെട്രോള്‍ പമ്പില്‍ തിങ്കളാഴ്ച്ച വൈകുന്നേരമാണ് സംഭവം നടന്നത്. പെട്രോള്‍ ആവശ്യപ്പെട്ട് കുപ്പിയുമായി രണ്ടുയുവാക്കള്‍ പമ്പിലെത്തി. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രമാണിച്ച് രാവിലെ 9 മണി തൊട്ട് ഉച്ചക്ക് 3 മണി വരെ മാത്രമേ പ്രദേശത്ത് പെട്രോള്‍ പമ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടായിരുന്നുള്ളു. പമ്പിലെ ജീവനക്കാര്‍ ഈ വിവരം യുവാക്കളെ അറിയിക്കുകയും പെട്രോള്‍ നല്‍കാന്‍ ആവില്ല എന്ന് പറയുകയും ചെയ്തു. അതിനു ശേഷം അവര്‍ ജീവനക്കാരോട് കുപ്പിയില്‍ നിറച്ചു തന്നാല്‍ മതിയാകും എന്നായി. പെട്രോള്‍ പമ്പ് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പോലും കുപ്പിയില്‍ പെട്രോള്‍ നല്‍കരുത് എന്ന് പൊലീസ് നിര്‍ദേശമുണ്ട് എന്ന മറുപടിയാണ് അപ്പോള്‍ യുവാക്കള്‍ക്ക് ജീവനക്കാര്‍ നല്‍കിയത്. ഇങ്ങനെ പറഞ്ഞത് യുവാക്കളെ കുപിതരാക്കി.

അപ്പോള്‍ പമ്പില്‍ നിന്ന് അവര്‍ പോയി എങ്കിലും, അധികം വൈകാതെ തന്നെ അവര്‍ തിരിച്ചെത്തി. ഇത്തവണ അവരുടെ കയ്യില്‍ ഒരു പ്ലാസ്റ്റിക് പാത്രവും ഉണ്ടായിരുന്നു. അവര്‍ നേരെ നടന്നുചെന്നത് പമ്പുടമയുടെ ഓഫീസ് മുറിയിലേക്കായിരുന്നു. ആ മുറിയുടെ വാതില്‍ക്കല്‍ ചെന്നു നിന്ന അവര്‍ അതിനുള്ളിലേക്ക് വലിച്ചെറിഞ്ഞത് ഉഗ്ര വിഷമുള്ള മൂന്നു മൂര്‍ഖന്‍ പാമ്പുകളെയാണ്.

ഈ സംഭവം ഉണ്ടായതിന് പിന്നാലെ ജീവനക്കാര്‍ ഒരു പാമ്പുപിടുത്തക്കാരന്‍ വിളിച്ചുവരുത്തി മൂന്നു പാമ്പുകളെയും പിടികൂടി. അതിനു ശേഷം പമ്പുടമ സിസിടിവി വീഡിയോ ഫുട്ടേജ് സഹിതം ബുല്‍ഠാണ സ്‌റ്റേഷനില്‍ യുവാക്കള്‍ക്കെതിരെ പരാതി നല്‍കി. പെട്രോള്‍ കിട്ടാഞ്ഞതില്‍ കുപിതനായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസിലേക്ക് വന്ന യുവാക്കള്‍ അവിടെ സൂക്ഷിച്ചിരുന്ന മൂന്നു മൂര്‍ഖന്‍ പാമ്പുകളെ കട്ടില്‍ കൊണ്ടുവിട്ടിട്ടു വരാം എന്നും പറഞ്ഞുകൊണ്ട് എടുത്തുകൊണ്ട് പമ്പിലേക്ക് വരികയാണ് ഉണ്ടായതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ഇപ്പോഴും പൊലീസ് അന്വേഷണം പുരോഗമിക്കുന്നതേയുള്ളു.

SHARE