തീവെട്ടിക്കൊള്ള തുടരുന്നു; തുടര്‍ച്ചയായ ഒമ്പതാം ദിവസവും എണ്ണവില വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ സാധാരണക്കാരന്റെ നടുവൊടിച്ച് ഇന്ധന വില വര്‍ദ്ധനവ് തുടരുന്നു. തുടര്‍ച്ചയായ ഒന്‍പതാം ദിവസവും പെട്രോള്‍, ഡീസല്‍ വില എണ്ണക്കമ്പനികള്‍ വര്‍ദ്ധിപ്പിച്ചു. ഇന്ന് പെട്രോളിന് 48 പൈസയും ഡീസലിന് 57 പൈസയും കൂടി. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് എഴുപത്തിയാറു രൂപ അന്‍പത്തിയേഴു പൈസയും ഡീസലിന് എഴുപതുരൂപ എഴുപത്തിയഞ്ചു പൈസയും നല്‍കണം. ഒന്‍പതു ദിവസംകൊണ്ട് പെട്രോളിന് അഞ്ചുരൂപയും ഡീസലിന് നാലുരൂപ തൊന്നൂറ്റി അഞ്ചു പൈസയുമാണ് വര്‍ദ്ധിച്ചത്.

രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണ വില വില കുത്തനെ ഇടിയുമ്പോഴാണ് കേന്ദ്രസര്‍ക്കാറിന്റെ ഒത്താശയോടെ കമ്പനികള്‍ തീവെട്ടിക്കൊള്ള തുടരുന്നത്. ലോക്ക് ഡൗണ്‍ സമയത്ത് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞെങ്കിലും അതിന്റെ ഗുണം ജനങ്ങള്‍ക്ക് നല്‍കാതെ എക്‌സൈസ് തീരുവ കുത്തനെ കൂട്ടുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയുമായിരുന്നു തീരുവ ഉയര്‍ത്തിയത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 40 ഡോളറില്‍നിന്ന് 38 ഡോളറായിട്ടും അതിന്റെ ആനുകൂല്യം ഇതുവരെ ഉപഭോക്താക്കള്‍ക്ക് ലഭിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് ദിനംപ്രതിയുള്ള വില വര്‍ദ്ധന.

ലോക്ക് ഡൗണ്‍ മൂലമുണ്ടായ വന്‍ നഷ്ടം നികത്താനായി വരുംമാസങ്ങളിലും രാജ്യത്ത് എണ്ണവില കമ്പനികള്‍ ഉയര്‍ത്താനാണ് സാധ്യത. ലോക്ക് ഡൗണ്‍ അടക്കം 80 ദിവസങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തെ എണ്ണക്കമ്പനികള്‍ യോഗം ചേര്‍ന്നു, നിരക്ക് കൂട്ടാന്‍ തീരുമാനിച്ചത്. അതിനു ശേഷമാണ് തുടര്‍ച്ചയായ ഒമ്പതു ദിവസം വില വര്‍ദ്ധിപ്പിച്ചത്.

SHARE