രാജ്യത്ത് ഇന്ധന വില കുതിക്കുന്നു

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കുതിക്കുന്നു. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 83 പൈസയും ഡീസല്‍ ലിറ്ററിന് 73 പൈസയുമാണ് വര്‍ധിച്ചത്. ഇന്ന് മാത്രം പെട്രോളിന് 11 പൈസയും ഡീസലിന് അഞ്ചുപൈസയും കൂടി.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പ്രധാന എണ്ണക്കമ്പനികള്‍ തിരഞ്ഞെടുപ്പ് സമയത്ത് ഇന്ധനവില വര്‍ധിപ്പിച്ചിരുന്നില്ല. എന്നാല്‍ മെയ് 19ന് അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ മെയ് 20 മുതല്‍ ഇന്ധനവില വര്‍ധിപ്പിക്കുകയായിരുന്നു.
നേരത്തെ 2018ലെ കര്‍ണാടക തിരഞ്ഞെടുപ്പ് സമയത്തും 2017ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്‍പും എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിച്ചിരുന്നില്ല. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡോയിലിന് വില കൂടിയിട്ടും തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് വില വര്‍ധിപ്പിക്കാതിരുന്ന എണ്ണക്കമ്പനികള്‍ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ പെട്രോളിന് 3.8 രൂപയും ഡീസലിന് 3.38 രൂപയും വര്‍ധിപ്പിച്ചിരുന്നു.