കോഴിക്കോട്: ഓട്ടോക്കാര്‍ക്ക് പെട്രോള്‍ ഫ്രീയായി നല്കാന് പെട്രോള്‍ പമ്പില്‍ ഒരു ലക്ഷം രൂപയേല്പ്പിച്ച് യുവാവ്. കോഴിക്കോടാണ് വിചിത്രമായ സംഭവം. കൊറോണക്കാലത്തെ മാതൃകയായ പ്രവര്‍ത്തനമാണെന്ന് കരുതി പമ്പിലെ ജീവനക്കാര്‍ പണം കൈപ്പറ്റി പറഞ്ഞതുപോലെ ചെയ്യുന്നതിനിടയിലാണ് സംഭവത്തിലെ ചുരുളഴിയുന്നത്. സംഭവത്തിന്റെ യാഥാര്‍ഥ്യം അറിഞ്ഞതോടെ ജീവനക്കാര്‍ വെട്ടിലായി.
ലോക്ഡൗണില്‍ ഓട്ടോ െ്രെഡവര്മാരെല്ലാം പ്രതിസന്ധിയിലാണെന്നും അവരെ സഹായിക്കുന്നതിനായി സൗജന്യമായി പെട്രോള്‍ നല്കാന് ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് കോഴിക്കോട് സ്വദേശി പെട്രോള്‍ പമ്പിലെത്തിയത്. ഒരു ലക്ഷം രൂപയും കൈമാറി. അഞ്ച് ലീറ്റര്‍ പെട്രോള്‍ വീതം ഓട്ടോക്കാര്‍ക്ക് നല്‍കാനായിരുന്നു നിര്‍ദ്ദേശം.
യുവാവ് പണം നല്കി മടങ്ങിയതോടെ ഇന്ധനം നിറയ്ക്കാനെത്തിയ ഓട്ടോ െ്രെഡവര്‍ക്ക് പെട്രോള്‍ പമ്പുകാര്‍ അഞ്ച് ലീറ്റര്‍ സൗജന്യമായി നല്കി. പണം വേണ്ടെന്നും പറഞ്ഞു. കാര്യം ചോദിച്ചറിഞ്ഞ ഓട്ടോ െ്രെഡവര്‍ സുഹൃത്തുക്കളെയെല്ലാം വിളിച്ചു പറഞ്ഞു. ഒടുവില്‍ പെട്രോള്‍ പമ്പിന് മുന്നില്‍ വലിയ ക്യൂ രൂപപ്പെട്ടു. യുവാവിന്റെ ബന്ധുവായ ഓട്ടോ െ്രെഡവര്‍ കൂടി പെട്രോളടിച്ചെത്തിയതോടെയാണ് സംഭവത്തിന്റെ മറുപുറം തെളിഞ്ഞത്.
വീട്ടിലെ ഭൂമി വില്‍പ്പന നടത്തിയ പണത്തില്‍ നിന്നാണ് മാനസിക ദൗര്‍ബല്യമുള്ള യുവാവ് പണം എടുത്ത് പെട്രോള്‍ പമ്പിലെത്തിയത്. ഇടയ്ക്ക് ഓട്ടോയിലെത്തി പെട്രോളടിക്കുന്ന ആളായതിനാല്‍ പമ്പ് ജീവനക്കാര്‍ക്കും സംശയം തോന്നിയില്ല. അവര്‍ പണം വാങ്ങി യുവാവ് പറഞ്ഞതു പോലെ ചെയ്യുകയായിരുന്നു. യുവാവിന്റെ ഒപ്പം പെട്രോള്‍ പമ്പിലെത്തിയ 11 കാരന് മകനാണ് വീട്ടിലുള്ളവരോട് ഇക്കഥ പറഞ്ഞത്. ഇതോടെ ബന്ധുക്കള്‍ വേഗം പെട്രോള്‍ പമ്പിലേക്കെത്തി. കാര്യത്തിന്റെ നിജസ്ഥിതി ബോധ്യപ്പെട്ട പമ്പുടമ ബാക്കിയുണ്ടായിരുന്ന 63,000 രൂപ ഇവര്‍ക്ക് നല്കി.
അതേസമയം, കാര്യം ബോധ്യപ്പെട്ടതോടെ സൗജന്യമായി പെട്രോളടിച്ച് പോയവരില്‍ പലരും പണം തിരികെ നല്കാന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. സൗജന്യമായി ഇന്ധനം നിറച്ചു പോയവരുടെ പേരും വാഹന നമ്പരും പമ്പ് ജീവനക്കാര്‍ ശേഖരിച്ചിരുന്നത് വലിയ ആശ്വാസമായി. സഹായം സ്വീകരിച്ചവരുടെ ലിസ്റ്റ് യുവാവിന് കൈമാറാനാണ് പമ്പ് ജീവനക്കാര്‍ ഇങ്ങനെ ചെയ്തത്.