സാധ്വിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുത്; സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സയിദ് അസ്ഹറിന്റെ പിതാവിന്റെ ഹര്‍ജി

മുംബൈ: മാലെഗാവ് സ്‌ഫോടനക്കേസിലെ പ്രതി സാധ്വി പ്രജ്ഞ സിങ് ഠാക്കൂര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ ഹര്‍ജി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് മുംബൈ എന്‍ഐഎ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സയിദ് അസ്ഹര്‍ എന്നയാളുടെ പിതാവായ നിസാര്‍ അഹമ്മദ് സയിദാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

സാധ്വി പ്രജ്ഞ സിങ് ഠാക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സാധ്വിയെ ഭോപ്പാല്‍ ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങാണ് സാധ്വിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി.

തീവ്രവാദക്കേസില്‍ പ്രതിയായ പ്രജ്ഞ സിങ് ഠാക്കൂര്‍ ആരോഗ്യം മോശമാണെന്ന കാരണം പറഞ്ഞാണ് ജാമ്യം നേടി ജയില്‍ മോചിതയായത്. ജാമ്യത്തില്‍ നിന്നാണ് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നത്. സാധ്വിയുടെ ജാമ്യത്തേയും വിടുതല്‍ ഹര്‍ജിയേയും എതിര്‍ത്താണ് ഇരയുടെ പിതാവ് കോടതിയെ സമീപിച്ചത്. സാധ്വിക്കെതിരായി എന്‍ഐഎ നീങ്ങാത്തതാണ് കോടതിയിലെത്താന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഹര്‍ജിക്ക് മറുപടി നല്‍കാന്‍ സ്‌പെഷ്യല്‍ ജഡ്ജി വി.എസ്.പദാല്‍കര്‍ സാധ്വിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാലെഗാവില്‍ 2008ല്‍ നടന്ന സ്‌ഫോടനത്തില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്.

SHARE