പിണറായിക്കും ശിവശങ്കറിനുമെതിരെ കേസെടുക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് അടക്കം വിവാദ ഇടപാടുകളില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിനും എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ പരിഗണനക്ക് അയക്കാന്‍ സിംഗിള്‍ ബഞ്ച് രജിസ്ട്രിയോട് നിര്‍ദേശിച്ചു. കേസ് നമ്പര്‍ ഇട്ടിട്ടില്ലെന്നും ഉള്ളടക്കത്തിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും ചുണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്. കേസ് ഏത് ബഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കട്ടെയെന്നും കോടതി വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് അടക്കം വിവാദ വിഷയങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയും മാധ്യമ പ്രവര്‍ത്തകനുമായ മൈക്കിള്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണ കടത്ത്, സ്പ്രിന്‍ക്ലര്‍, ബവ്ക്യൂ ആപ്പ്, ഇമൊബിലിറ്റി ഇടപാടുകളില്‍ സിബിഐ അന്വേഷണം വേണമെന്നും സംസ്ഥാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

അതിനിടെ, സ്വര്‍ണ കള്ളക്കടത്തില്‍ പങ്കില്ലെന്നും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് തന്നെ പ്രതിയാക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി സ്വപ്‌ന സുരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. ഹര്‍ജി കോടതി നാളെ പരിഗണിച്ചേക്കും. 2016 വരെ യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരിയായിരുന്ന താന്‍ 2019 ല്‍ രാജിവച്ചെന്നും കോണ്‍സുലേറ്റ് അധികൃതരുടെ നിര്‍ദേശപ്രകാരം ഭരണപരമായ കാര്യങ്ങളില്‍ സഹായം നല്‍കിയിരുന്നുവെന്നും സ്വപ്‌ന ഹര്‍ജിയില്‍ പറയന്നു.

SHARE