വീട്ടുപടിയില്‍ വന്ന് മൂത്രമൊഴിച്ചു, ഉപയോഗിച്ച മാസ്‌ക് വലിച്ചെറിഞ്ഞു; എബിവിപി ദേശീയ പ്രസിഡന്റിനെതിരെ സ്ത്രീയുടെ പരാതി


ചെന്നൈ: എബിവിപി ദേശീയ പ്രസിഡന്റ് ഡോ.സുബ്ബയ്യ ഷണ്‍മുഖനെതിരെ പരാതിയുമായി അയല്‍വാസിയായ 53കാരി. തന്റെ വീടിന് മുന്നില്‍ സുബ്ബയ്യ മൂത്രമൊഴിക്കുകയും ഉപയോഗിച്ച മാസ്‌ക് വലിച്ചെറിയുകയും ചെയ്‌തെന്നാണ് സ്ത്രീയുടെ പരാതി. പൊലീസില്‍ പരാതി നല്‍കിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും സ്ത്രീ പറയുന്നു.

ചെന്നൈയില്‍ താമസിക്കുന്ന സുബ്ബയ്യയും പരാതിക്കാരിയായ സ്ത്രീയും അയല്‍വാസികളാണ്. പാര്‍ക്കിങ് സ്ലോട്ടിനെ സംബന്ധിച്ചുള്ള തര്‍ക്കത്തിലാണ് തുടക്കം. തന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കിങ് സ്ലോട്ട് ഉപയോഗിച്ചതിന് പണം നല്‍കണമെന്ന് സ്ത്രീ സുബ്ബയ്യയോട് പറഞ്ഞു. എന്നാല്‍ സുബ്ബയ്യ വിസമ്മതിച്ചു. തുടര്‍ന്ന് ആദ്യം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയ സുബ്ബയ്യ പിന്നാലെ വീടിന് മുന്നില്‍ മൂത്രമൊഴിക്കുകയും ഉപയോ?ഗിച്ച മാസ്‌കും ചപ്പുവചവറുകളും വലിച്ചറിയുകയും ചെയ്‌തെന്ന് പരാതിക്കാരി പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസിന് കൈമാറിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് സ്ത്രീയുടെ ബന്ധുക്കള്‍ എന്‍ഡിടിവിയോട് പ്രതികരിച്ചു

എന്നാല്‍ പരാതിക്കാരി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അവര്‍ സ്വന്തം വിവരങ്ങള്‍ പരസ്യമാക്കാന്‍ ആ?ഗ്രഹിക്കുന്നില്ലെന്നും അറിയിച്ചു. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ഡോ സുബ്ബയ്യയും പറഞ്ഞെന്ന് പൊലീസ് വിശദീകരിക്കുന്നു.

സംഭവത്തെ കുറിച്ച് എബിവിപി ദേശീയ പ്രസിഡന്റ് പരസ്യമായി പ്രതികരിച്ചിട്ടില്ല. പാര്‍ക്കിങിനെ ചൊല്ലിയുള്ള തര്‍ക്കമാണെന്നാണ് എബിവിപിയുടെ വിശദീകരണം. രണ്ട് കുടുംബങ്ങളും ഇത് ചര്‍ച്ച ചെയ്തിട്ടുണ്ട്. മറ്റ് ആരോപണങ്ങള്‍ തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെന്നും എബിവിപി അവകാശപ്പെട്ടു.

എന്നാല്‍ സംഭവത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഇടപെടണമെന്ന് എംപി കനിമൊഴി ആവശ്യപ്പെട്ടു. സംഘപരിവാറുകാര്‍ക്കെതിരെ പരാതി വന്നാല്‍ കണ്ണടയ്ക്കുന്നത് പൊലീസ് പതിവാക്കിയിരിക്കുകയാണ്. നിയമത്തിന് മുന്നില്‍ എല്ലാവര്‍ക്കും തുല്യത ഉറപ്പ് വരുത്താന്‍ മുഖ്യമന്ത്രി എത്രയും പെട്ടെന്ന് ഇടപെടണമെന്നും കനിമൊഴി ആവശ്യപ്പെട്ടു.

SHARE