നോട്ടുകളില്‍ കീടനാശിനി; ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായി പരാതി

കൊച്ചി: കീടനാശിനിയടിച്ച നോട്ടുകള്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായി വ്യാപക പരാതി. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെയുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് തിരിച്ചെത്തിയ പഴയ നോട്ടുകളിലാണ് കീടനാശിനിയുള്ളതായി പരാതി ഉയര്‍ന്നത്. റിസര്‍വ് ബാങ്കില്‍ നശിപ്പിക്കാനായി വെച്ചിരുന്ന കീറിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ തിരിച്ച് ബാങ്കുകളിലെത്തിയതോടെയാണ് പുതിയ പ്രശ്‌നത്തിന് തുടക്കമായത്.

currency-rupees1-1464274813

 

ബാങ്ക് ഉദ്യോഗസ്ഥരാണ് പരാതിയുമായി രംഗത്തു വന്നത്. ഇത്തരം നോട്ടുകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായി ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. വര്‍ഷങ്ങളായി റിസര്‍വ് ബാങ്കില്‍ സൂക്ഷിച്ചിരുന്ന നോട്ടുകളിലെ തുടര്‍ച്ചയായ കീടനാശിനി പ്രയോഗമാണ് ജീവനക്കാരെ വലക്കുന്നത്. നോട്ടു പിന്‍വലിച്ചതോടെ ഉണ്ടായ അമിത ജോലി ഭാരത്തിനിടെയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പുതിയ പ്രശ്‌നമുണ്ടായിരിക്കുന്നത്. ഗാന്ധിജിയുടെ സീരീസിലുള്ള നോട്ടുകള്‍ക്ക് മുമ്പിറക്കി പിന്‍വലിച്ച അശോകസ്തംഭം ശ്രേണിയിലെ നോട്ടുകളും ഇപ്പോള്‍ ആര്‍ബിഐയില്‍ നിന്ന് ബാങ്കുകളില്‍ തിരിച്ചെത്തിയിട്ടുണ്ട്.

SHARE