അതിഥി തൊഴിലാളികളുടെ വിവരം അറിയിക്കാത്ത കെട്ടിട ഉടമകള്‍ക്കെതിരെ നിയമ നടപടിയുമായി പെരുവയല്‍ പഞ്ചായത്ത്

കോഴിക്കോട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നും അതിഥി തൊഴിലാളികള്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്നു ചേരുന്നതായി ശ്രദ്ധയില്‍ പെട്ട സാഹചര്യത്തില്‍ ശക്തമായ നടപടികള്‍ക്കൊരുങ്ങി പെരുവയല്‍ ഗ്രാമപഞ്ചായത്ത്. അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന വിവരം മുന്‍കൂട്ടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അറിയിക്കാത്ത കെട്ടിട ഉടമകള്‍ക്കെതിരെ ദുരന്തനിവാരണ ആക്റ്റ് പ്രകാരം നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എസ്.സിന്ധു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

നിലവില്‍ ഗ്രാമപഞ്ചായത്തില്‍ അതിഥി തൊഴിലാളികളെ താമസിപ്പിച്ച കെട്ടിട ഉടമകള്‍ തൊഴിലാളികളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ രേഖാ മൂലം 29 ന് 3 മണിക്ക് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അറിയിച്ചിരിക്കണം. ശേഷം പുതുതായി എത്തുന്നവരുടെ പേര് വിവരം അവര്‍ വന്നുചേരുന്ന തിയ്യതിക്ക് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അറിയിക്കണമെന്നും ഇവരെ ക്വാറന്റീനില്‍ നിര്‍ത്തണമെന്നും സെക്രട്ടറി വ്യക്തമാക്കി.
ചില അതിഥി തൊഴിലാളികള്‍ ക്വാറന്റീനില്‍ കഴിയാതെ ജോലിയില്‍ പ്രവേശിക്കുന്ന സാഹചര്യവുമുണ്ട്. ഇത് ഗുരുതരമായ ആരോഗ്യഭീഷണി ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി.

നേരത്തെ പ്രവാസികളുടെ ക്വാറന്റീന്‍ വിഷയവുമായി ബന്ധപ്പെട്ട് വിവാദത്തില്‍ പ്രവാസികള്‍ക്ക് സൗജന്യമായി ക്വാറന്റീന്‍ ഒരുക്കാന്‍ തയ്യാറാണെന്നും ഇതിനായി തനത് ഫണ്ട് ചെലവിടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് പെരുവയല്‍ പഞ്ചായത്ത് രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ അനുമതി ആവശ്യപ്പെട്ട് യു.ഡി.എഫ് ഭരണത്തിലുളള കൊടുവള്ളി നഗരസഭയടക്കം കോഴിക്കോട്ടെ രണ്ട് തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. ഫണ്ട് ഇല്ലാത്തതാണ് പ്രശ്‌നമെങ്കില്‍ ആ ബാധ്യത ഏറ്റെടുക്കാന്‍ പെരുവയല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി തയ്യാറാണെന്നാണ് യുഡിഎഫ് ഭരിക്കുന്ന പെരുവയല്‍ പഞ്ചായത്തിന്റെ കത്തില്‍ അറിയിച്ചത്. പഞ്ചായത്തിന്റെ തനത് ഫണ്ട് ഈ ആവശ്യത്തിന് ഉപയോഗിക്കുന്നതിന് സര്‍ക്കാറിന്റെ പ്രത്യേക അനുമതി ആവശ്യമുണ്ട്. അനുമതി നല്‍കാന്‍ നടപടി ഉണ്ടാകണമെന്നാണ് കത്തിലെ ആവശ്യം.
എന്നാല്‍ പ്രവാസികളുടെ ക്വാറന്റീന്‍ സ്വന്തം ചെലവിലെന്ന നിലപാടെടുത്ത സര്‍ക്കാര്‍ പിന്നീട് അതില്‍ നിന്നും പിന്മാറുന്നതാണ് കണ്ടത്.