പെരിയ ഇരട്ടക്കൊലപാതകം: സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ പൊലീസ് കസ്റ്റഡിയില്‍

കാസര്‍കോട്: കാസര്‍കോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ പൊലീസ് കസ്റ്റഡിയില്‍. ഇന്നലെ രാത്രിയാണ് പീതാംബരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകങ്ങള്‍ക്ക് ശേഷം കല്യോട്ടെ വീട്ടില്‍ നിന്ന് ഒളിവില്‍ പോയ പീതാംബരനെ കാസര്‍കോട് കര്‍ണാടക അതിര്‍ത്തിപ്രദേശത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

കൃപേഷുള്‍പ്പടെയുള്ളവരെ ക്യാംപസില്‍ വെച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിലാണ് പീതാംബരന്റെ കൈക്ക് പരിക്കേറ്റത്. ഇതിലെ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ഏഴ് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കേസില്‍ ഇന്ന് പ്രധാനപ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. സംഘര്‍ഷത്തിലെ വൈരം മൂലം കണ്ണൂരിലെ ഒരു സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

സ്ഥലത്ത് എത്തിയ കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള ഒരു ജീപ്പിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്ഥലത്ത് നിന്ന് കിട്ടിയ മൂന്ന് മൊബൈല്‍ ഫോണുകളില്‍ ഒന്ന് പ്രതികളില്‍ ഒരാളുടേതാണെന്നാണ് പൊലീസിന്റെ നിഗമനം. സ്ഥലത്ത് നിന്ന് പ്രതികളുടേതെന്ന് കരുതുന്ന വിരലടയാളവും പൊലീസിന് കിട്ടിയിട്ടുണ്ട്.

SHARE