പെരിയ ഇരട്ടക്കൊലപാതകം; സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത് ബി.ജെ.പി നേതാക്കളായ അഭിഭാഷകര്‍

പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന കുടുംബാംഗങ്ങളുടെ ആവശ്യത്തെ ഹൈക്കോടതിയില്‍ എതിര്‍ക്കുന്ന സര്‍ക്കാറിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് ബി.ജെ.പി നേതാക്കളായ അഭിഭാഷകര്‍.
ഒന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്ത് സോളിസിറ്റര്‍ ജനറലായി പ്രവര്‍ത്തിച്ച മഹീന്ദര്‍ സിംഗ്, രഞ്ജിത് കുമാര്‍ എന്നീ അഭിഭാഷകരാണ് സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തുകൊണ്ട് സര്‍ക്കാറിന് വേണ്ടി ഹാജരാകുന്നത്.

കേസന്വേഷണം അട്ടിമറിക്കാന്‍ സി.ബി.ഐയെ സ്വാധീനിക്കാനുള്ള സര്‍ക്കാറിന്റെയും സി.പി.എമ്മിന്റെയും നീക്കത്തിന്റെ ഭാഗമായാണ് ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന ബി.ജെ.പി സഹയാത്രികരായ അഭിഭാഷകരെ കൊണ്ടുവന്നതെന്ന ആരോപണം ശക്തമാവുകയാണ്. ഒരു സിറ്റിംഗിന് 25 ലക്ഷം രൂപ ഫീസായി വാങ്ങുന്ന ബി.ജെ.പി ദേശീയ നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അഭിഭാഷകരെ സര്‍ക്കാര്‍ കൊണ്ടുവന്നത് സി.ബി.ഐയെ സ്വാധീനിക്കാനാണെന്ന് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കളും കോണ്‍ഗ്രസ് നേതാക്കളും പറയുന്നു.