പെരിയ കേസില്‍ പണത്തിന് മുട്ടില്ല; അഭിഭാഷകരുടെ ബിസിനസ് ക്ലാസ് യാത്രയ്ക്കും പഞ്ചനക്ഷത്ര ഹോട്ടലിലെ താമസത്തിനും പണം അനുവദിച്ചു

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ക്ക് പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. ബിസിനസ് ക്ലാസ് യാത്രയ്ക്കും പഞ്ചനക്ഷത്ര ഹോട്ടല്‍ താമസത്തിനുമാണ് പണം അനുവദിച്ച് ഉത്തരവിറങ്ങിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് അഭിഭാഷകരായ മനീന്ദര്‍ സിങിനും പ്രഭാസ് ബജാജിനും പണം അനുവദിക്കുന്നത്.

കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന വാദത്തിനാണ് ഇരുവരും കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാറിന് വേണ്ടി ഹാജരാകുന്നത്. ന്യൂഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും ബിസിനസ് ക്ലാസില്‍ നടത്തിയ വിമാനയാത്രയ്ക്കും ഇതുമായി ബന്ധപ്പെട്ട് കൊച്ചി മറൈന്‍ ഡ്രൈവിലെ ദി ഗേറ്റ് വേ ഹോട്ടലിലെ താമസത്തിനുമാണ് മുന്‍കാല പ്രാബല്യത്തോടെ പണം അനുവദിച്ചത്. എന്നാല്‍ അഭിഭാഷകര്‍ക്ക് നല്‍കിയ പണം എത്രയെന്ന് ഉത്തരവില്‍ പറയുന്നില്ല.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന പെരിയയിലെ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊന്ന കേസിലാണ് അന്വേഷണം സിബിഐക്ക് വിടാതിരിക്കാന്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ വാരിയെറിയുന്നത്. സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് സോളിസിറ്റര്‍ ജനറലുമായിരുന്നയാളാണ് അഭിഭാഷകന്‍ മനീന്ദര്‍ സിങ്. ഇദ്ദേഹത്തിന് ഒരു സിറ്റിംഗിന് 20 ലക്ഷം രൂപയും സഹായിക്ക് ഒരു ലക്ഷവുമാണ് പ്രതിഫലം. ജനുവരി ആദ്യവാരത്തില്‍ കേസിനായി സര്‍ക്കാര്‍ 88 ലക്ഷം രൂപ ചെലവിട്ടതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു.

2019 ഫെബ്രുവരി 17നാണ് കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്നത്. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൃപേഷിന്റെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഭവമായി ബന്ധപ്പെട്ട് സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം എ.പിതാംബരന്‍ അടക്കം 11 പേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് കഴിഞ്ഞ ഒക്ടോബറിലാണ് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. എന്നാല്‍ രേഖകള്‍ സിബിഐക്ക് കൈമാറാനുള്ള ഹൈക്കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പാലിച്ചിട്ടില്ല. കേസ് ഡയറിയടക്കം രേഖകള്‍ കിട്ടിയിട്ടില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിട്ടുള്ളത്. 2019 ഓക്ടോബര്‍ 25 ന് കേസ് എറ്റെടുത്ത് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അപ്പീലുമായി ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍ അപ്പീലില്‍ വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.