കുട്ടീന്യോയും ഡെംബാലയും ബാഴ്‌സയിലേക്ക്; സ്ഥിരീകരണവുമായി പെപ് സെഗൂര

ബാഴ്‌സലോണ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പിഎസ്ജിയിലേക്ക് പോയതിന് പിന്നാലെ എല്‍ ക്ലാസിക്കോയില്‍ നേരിട്ട കനത്ത പരാജയത്തിന്റെ ആഘാതത്തിലിരിക്കുന്ന ബാഴ്‌സ ആരാധകരെ തേടി ഒരു ആശ്വാസ വാര്‍ത്ത. നെയ്മറുടെ പകരക്കാരായി രണ്ട് സൂപ്പര്‍ യുവതാരങ്ങളാണ് ബാഴ്‌സയിലേക്കെത്തുന്നത്. ബൊറൂസിയ ഡോട്ട്മണ്ടിന്റെ ഉസ്മാന്‍ ഡെംബാലയും ലിവര്‍പൂളിന്റെ ഫിലിപ്പ് കുട്ടീന്യോയും. ബാഴ്‌സലോണ ജനറല്‍ മാനേജര്‍ പെപ് സെഗൂര ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരുമായുളള ബാഴ്‌സയുടെ കരാര്‍ അന്തിമ ഘട്ടത്തിലാണെന്ന് സെഗൂര അറിയിച്ചു. കുട്ടീന്യോയും ഡെംബാലയുടമായുളള കരാര്‍ അവസാന ഘട്ടത്തിലാണ്. ഇരുവരും ഉടന്‍ ബാഴ്‌സലോണ ജെഴ്‌സി അണിയും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കരാര്‍ ഉറപ്പാണെന്നേ എനിക്ക് ഇപ്പോള്‍ പറയാനാകു. കൂടുതലൊന്നും ഇപ്പോള്‍ പറയാന്‍ നിര്‍വ്വാഹമില്ല. ഇരുവരുടേയും വരവ് ക്ലബിന് ഉണര്‍വ്വേകും’ ടിവി ത്രിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെഗുര പറഞ്ഞു. അതേ സമയം സെഗുരയുടെ അവകാശ വാദങ്ങള്‍ തെറ്റാണെന്നും ഡെംബാലയെ വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും ഇതുവരെ ക്ലബ്ബ് എടുത്തിട്ടില്ലെന്നുമാണ് ബൊറൂസിയ സി.ഇ.ഒ ഹാന്‍സ് ജോക്വിം പറയുന്നത്. 20കാരനായ ഡെംബാലയുടേയും 25കാരനായ കുട്ടീന്യോയുടേയും വരവ് ബാഴ്‌സലോണയ്ക്ക് ഒരു പരിധി വരെ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ച് പിടിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ബാഴ്‌സലോണയിലേക്ക് ഡെംബാല വരുന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്പാനിഷ് മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. 90 മില്യണ്‍ യൂറോയ്ക്കാണ് 20കാരന്‍ ബാഴ്‌സലോണയിലേക്ക് വരുന്നതെന്നാണ് സൂചന. ഡെംബാല ഡോട്ട്മുണ്ട് വിടുന്നതിന്റെ സൂചനയായി ഒരു കാറില്‍ ലഗേജുകള്‍ പാക്ക് ചെയ്യുന്ന ചിത്രവും മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ സീസണില്‍ ആണ് ബൊറൂസിയ ഡോട്ട്മണ്ടില്‍ 20കാരനായ ഡെംബേല എത്തിയത്. 32 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകളും ഈ യുവതാരം നേടിയിരുന്നു. ഇതിനിടെ ഫ്രഞ്ച് ദേശീയ ടീമിലും അരങ്ങേറിയ ഈ യുവതാരം ഏഴ് മത്സരങ്ങളില്‍ നിന്ന് ഒരു ഗോളും നേടിയിരുന്നു. അതെ സമയം കുട്ടീന്യോയാകട്ടെ ലിവര്‍പൂളിനോട് കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഈ സീസണില്‍ ഇനി ലിവര്‍പൂളിനായി ജഴ്‌സി അണിയില്ലെന്നാണ് കുട്ടീന്യോ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പിനെ അറിയിച്ചിരിക്കുന്നത്. ഇതോടെയാണ് ക്ലബ് ഒടുവില്‍ കുട്ടീന്യോയെ കൈമാറാന്‍ സന്നദ്ധമായതെന്നാണ് സൂചന. 2013ല്‍ 8.3 മില്യണ്‍ യൂറോയ്ക്കാണ് കുട്ടീന്യോ എസി മിലാനില്‍ നിന്ന് ലിവര്‍പൂളിലെത്തിയത്. 132 മത്സരങ്ങള്‍ ഇതിനോടകം ലിവര്‍പൂളിനായി താരം കളിച്ചിട്ടുണ്ട്.