കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ ജനുവരി ഒന്നിന് കോഴിക്കോട്ട് പീപ്പിള്‍സ് ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കുന്നു. ബേബി മെമ്മോറിയല്‍ ആസ്പത്രി ജംഗ്ഷനില്‍ നിന്ന് നാളെ വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന മാര്‍ച്ച് ബീച്ചില്‍ സമാപിക്കും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. പരിപാടിയുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. പൗരത്വ ഭേദഗതി ബില്ലിനെതിരെ സമൂഹത്തിലെ നാനാ തുറകളില്‍ നിന്നായി ആയിരക്കണക്കിന് പേര് പങ്കെടുത്ത ഡിസംബര്‍ 23ന് എറണാകുളത്ത് നടന്ന ലോംഗ് മാര്‍ച്ച് വലിയ വാര്‍ത്താ ശ്രദ്ധ നേടിയിരുന്നു.
പീപ്പിള്‍സ് ലോഗ് മാര്‍ച്ചിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട യോഗം ഇന്ന് രാവിലെ 11 മണിക്ക് കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ ചേരും.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യം മുഴുവന്‍ നടക്കുന്ന പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സി.എ.എ, എന്‍.ആര്.സി, ഐ.എല്‍.പി എന്നിവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും നടത്തുന്ന ലോംഗ് മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരക്കും. വിവിധ മേഖലകളിലെ പ്രമുഖര്‍ ലോംഗ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

കാലിക്കറ്റ് യൂണിവേഴിസിറ്റി, കോഴിക്കോട് മെഡിക്കല്‍ കോളജ് തുടങ്ങി കോഴിക്കോട്ടെ ക്യാമ്പസുകളെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ചരിത്രകാരന്മാര്, കലാകാരന്മാര്, ചലച്ചിത്ര സംവിധായകര്‍, ഡോക്ടര്‍മാര്‍, രാഷട്രീയ പ്രമുഖര്‍, പൗര പ്രമുഖര്‍ തുടങ്ങി നിരവധി പേര് സംബന്ധിക്കും.