ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ നീണ്ടുപോയാല്‍ രാജ്യം പട്ടിണി മരണങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര് നാരായണമൂര്‍ത്തി. ഒരുപക്ഷേ, അത് കോവിഡിനേക്കാള്‍ വലുതായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
‘ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ കാലം മുന്നോട്ടു പോകാനാകില്ല എന്ന് മനസ്സിലാക്കുകയാണ് പ്രധാനം. ചിലപ്പോള്‍ പട്ടിണി മരണങ്ങള് കോവഡ് മരണങ്ങളെ കടത്തിവെട്ടാം’ – ബിസിനസ് നേതാക്കളുമായുള്ള വെബിനാറില്‍ അദ്ദേഹം പറഞ്ഞു.
മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ രോഗം ബാധിച്ചവരുടെ എണ്ണം വളരെ കുറവാണ്. രാജ്യത്ത് വര്‍ഷം 90 ലക്ഷം പേര് മരിക്കുന്നുണ്ട്. ഇതില്‍ നാലിലൊന്നും മലിനീകരണം മൂലമാണ്. അതുകൊണ്ടാണ് കൊവിഡിന്റെ കാര്യത്തില്‍ പരിഭ്രാന്തിവേണ്ടെന്ന് പറയുന്നത്. അടച്ചിടല്‍ തുടര്‍ന്നാല്‍ നിരവധി പേര്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടപ്പെടും. 190 ലക്ഷം പേരാണ് രാജ്യത്തെ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.
നികുതി വരുമാനത്തെ കോവിഡ് വന്‍തോതില്‍ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 15-20 ശതമാനമെങ്കിലും വരുമാന നഷ്ടമുണ്ടാകും. രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ചയില്‍ 1.9 ശതമാനം കുറവുണ്ടാകുമെന്നാണ് ഐ.എം.എഫിന്റെ പ്രവചനം- അദ്ദേഹം ചൂണ്ടിക്കാട്ടി.