‘ബഹളം വെക്കുകയാണെങ്കില്‍ നിങ്ങള്‍ വീട്ടിലേക്ക് മടങ്ങൂ’; പാതിരാ പ്രതിഷേധത്തില്‍ പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: കത്വ കൊലപാതകക്കേസില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ പാതിരാ പ്രതിഷേധത്തില്‍ താരമായത് പ്രിയങ്കഗാന്ധി. ഇന്ത്യാഗേറ്റിന് മുന്നില്‍ അര്‍ദ്ധരാത്രിയാണ് പ്രിയങ്കഗാന്ധിയും രാഹുല്‍ഗാന്ധിയും നേതൃത്വം നല്‍കിയ പ്രതിഷേധ മാര്‍ച്ച് നടന്നത്. ആയിരക്കണക്കിന് പാര്‍ട്ടി പ്രവത്തകര്‍ പങ്കെടുത്ത പ്രതിഷേധത്തില്‍ പ്രിയങ്കഗാന്ധിയുടെ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു.

മാര്‍ച്ചിനിടെ തിരക്കും ബഹളവും അനുഭവപ്പെട്ടപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് പ്രിയങ്ക ദേഷ്യപ്പെട്ട് സംസാരിച്ചത് ദേശീയമാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്തയായി. ‘നമ്മളെന്തിനാണ് ഇവിടെ കൂടിയിരിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ലേ’ എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം. തിക്കും തിരക്കും ബഹളവുമില്ലാതെ നടക്കൂ. ദയവായി നിശബ്ദത പാലിക്കൂവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ബഹളം വെക്കുകയാണെങ്കില്‍ നിങ്ങള്‍ തിരിച്ച് വീടുകളിലേക്ക് പോകുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ് വെച്ച ബാരിക്കേഡുകള്‍ ചാടിക്കടന്നാണ് പ്രിയങ്ക ഗാന്ധി പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്തത്.

രാഹുല്‍ ഗാന്ധിയടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ മെഴുകുതിരി മാര്‍ച്ചില്‍ പങ്കെടുത്തു. പ്രിയങ്ക ഗാന്ധി ഭര്‍ത്താവിനും തന്റെ രണ്ട് മക്കള്‍ക്കുമൊപ്പമാണ് പ്രതിഷേധത്തിനെത്തിയത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ്, ഗുലാം നബി ആസാദ് തുടങ്ങിയ നിരവധി കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധത്തിനെത്തി. മുന്‍ മിസ് ഇന്ത്യയും നടിയുമായ നഫീസ അലി, സാമൂഹ്യ പ്രവര്‍ത്തക ഷബ്‌നം ഹാഷ്മി തുടങ്ങി പ്രമുഖരും സ്ഥലത്തെത്തിയിരുന്നു.

ഡല്‍ഹിയില്‍ ക്രൂരമായി കൊല്ലപ്പെട്ട നിര്‍ഭയ പെണ്‍കുട്ടിയുടെ മാതാപിതാക്കളും പ്രതിഷേധത്തില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് ഡല്‍ഹി നഗരമധ്യത്തിലെ ഇന്ത്യാ ഗേറ്റിലേക്കാണ് റാലി നിശ്ചയിച്ചത്. ഇത് തടയാന്‍ പൊലീസ് വഴിയില്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തിയെങ്കിലും 12 മണിയോടെ റാലി ഇന്ത്യ ഗേറ്റിലെത്തുകയായിരുന്നു.