ബിജെപിയിലേക്ക് കൂറുമാറിയ നേതാക്കളെ ചെരിപ്പ് കൊണ്ടടിക്കണമെന്ന് ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: എംഎല്‍എമാരെ വിലക്കെടുക്കുന്ന ബിജെപിയുടെ കുതിരക്കച്ചവടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍. കഴിഞ്ഞ ഒരു മാസമായി സംസ്ഥാനത്ത് ബിജെപി കുതിരക്കച്ചവടം നടത്തുകയായിരുന്നുവെന്നും 140-150 കോടിയോളം രൂപ എംഎല്‍എമാരെ പാട്ടിലാക്കാന്‍ ബിജെപി ചെലവഴിച്ചതായും പട്ടേല്‍ പറഞ്ഞു. കോവിഡ് കാലത്ത് ആ തുകയ്ക്ക് വെന്റിലേറ്ററുകള്‍ വാങ്ങി നല്‍കിയിരുന്നെങ്കില്‍ കുറേയേറെ ജീവനുകള്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നെന്നും പട്ടേല്‍ പറഞ്ഞു.

അതേസമയം ബിജെപിയിലേക്ക് കൂറുമാറുന്ന പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും ഹാര്‍ദിക് രൂക്ഷമായി വിമര്‍ശനം നടത്തി. ബിജെപിയിലേക്ക് കൂറുമാറ്റം നടത്തിയ നേതാക്കളെ ജനങ്ങള്‍ ചെരിപ്പ് കൊണ്ടടിക്കണമെന്നാണ് ഹാര്‍ദിക് പട്ടേല്‍ അഭിപ്രായപ്പെട്ടത്. രാജ്യസഭാ തെരഞ്ഞെടുപ്പടുത്തിരിക്കുന്ന സന്ദര്‍ഭത്തില്‍ രാജിവെച്ച കോണ്‍ഗ്രസ്എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പട്ടേല്‍.

പണത്തോടുള്ള അത്യാര്‍ത്തി കാരണം വിശ്വാസമര്‍പ്പിച്ച ജനങ്ങളെ വഞ്ചിക്കുകയാണ് കൂറുമാറിയ എംഎല്‍എമാര്‍ ചെയ്യുന്നത്. തങ്ങളെ വഞ്ചിക്കുന്ന നേതാക്കളെ ചെരിപ്പ് കൊണ്ടടിക്കുകയാണ് ജനങ്ങള്‍ ചെയ്യേണ്ടത്, പട്ടേല്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമമാണിത്. കുതിരക്കച്ചവടത്തെകുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം പാലിക്കുകയാണെന്നും പട്ടേല്‍ പറഞ്ഞു.

ഗുജറാത്തില്‍ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കായി ജൂണ്‍ 19 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജി വെച്ചതിനെ തുടര്‍ന്ന് എംഎല്‍എമാരെ ഗുജറാത്തിലേയും രാജസ്ഥാനിലേയും വിവിധ റിസോര്‍ട്ടുകളിലേക്ക് കോണ്‍ഗ്രസ് മാറ്റിയിരിരുന്നു്.