രോഗലക്ഷണമുള്ളവര്‍ കറങ്ങി നടന്നാല്‍ ഇനി ഇങ്ങനെയാണ് ശിക്ഷ


കൊച്ചി: രോഗ ലക്ഷണങ്ങള്‍ മറച്ചുവച്ചു കോവിഡ് പടരാന്‍ കാരണക്കാരാവുന്നവര്‍ രോഗം സുഖപ്പെട്ട ശേഷം കടുത്ത നിയമനടപടി നേരിടേണ്ടി വരും. 3 വര്‍ഷം വരെ തടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്യും. ഇന്ത്യന്‍ ശിക്ഷാ നിയമം, കേരള പൊലീസ് ആക്ട്, കേരള പബ്ലിക് ഹെല്‍ത്ത് ആക്ട് തുടങ്ങിയവയിലെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ പൊലീസിനു നിര്‍ദേശം ലഭിച്ചു.

രോഗപ്പകര്‍ച്ച തടയാന്‍ വീട്ടിലോ ആശുപത്രികളിലോ ഐസലേഷന്‍ വാര്‍ഡിലോ ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ പുറത്തു പോകുന്നതു കുറ്റകരമാണ്. കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചു തിരിച്ചുവന്നു 28 ദിവസം വീട്ടില്‍ തന്നെ കഴിയാന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ക്കും രോഗപ്പകര്‍ച്ച തടയല്‍ നിയമം ബാധകമാണ്. നിരീക്ഷണത്തിലുള്ളവര്‍ പുറത്തു ചുറ്റിക്കറങ്ങുന്നതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ അടക്കം കേസില്‍ തെളിവായി സ്വീകരിക്കും.

കുറ്റവും ശിക്ഷയും

ന്മ ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 269: പൊതുജനാരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന രോഗപ്പകര്‍ച്ചയ്ക്കു കാരണമാവും വിധം അശ്രദ്ധയോടെ പെരുമാറുക. 6 മാസം തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യം.

ന്മ കേരള പൊലീസ് നിയമം വകുപ്പ് 118 (ഇ): അറിഞ്ഞുകൊണ്ടു പൊതുജനങ്ങള്‍ക്ക് അപായമുണ്ടാക്കുന്നതോ പൊതുസുരക്ഷയ്ക്കു വീഴ്ചവരുത്തുന്നതുമായ പ്രവൃത്തി ചെയ്യുക. 3 വര്‍ഷം വരെ തടവും 10,000 രൂപ പിഴയും.

ന്മ കേരള പൊതുജനാരോഗ്യ സംരക്ഷണ നിയമം: വകുപ്പ് 71, 72, 73: സ്വന്തം സാന്നിധ്യം മറ്റുള്ളവരുടെ ആരോഗ്യത്തിനു ഭീഷണിയാണെന്ന് അറിഞ്ഞുകൊണ്ടു ബോധപൂര്‍വം പൊതുജനാരോഗ്യത്തിനു ഭീഷണിയാവും വിധം പെരുമാറുന്നതും പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു രോഗപ്പകര്‍ച്ചയ്ക്കു കാരണമാകുന്നതും. ഇങ്ങനെയുള്ളവരെ നിയമപ്രകാരം സുരക്ഷിത സ്ഥാനത്തേക്കു നീക്കാന്‍ അധികാരികള്‍ക്ക് അനുവാദം നല്‍കുന്ന വകുപ്പ്: 3 മാസം വരെ തടവും 1000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റം.

SHARE