മൂന്നാര്‍ സമരപ്പന്തലില്‍ സംഘര്‍ഷം

മൂന്നാര്‍: മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തുന്ന രാപകല്‍ സമരത്തിനിടെ സംഘര്‍ഷം. സമരപ്പന്തല്‍ പൊളിക്കാന്‍ ഒരു വിഭാഗം നടത്തിയ ശ്രമമാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. ഇന്നലെ രാത്രി 10.30ഓടെയാണ് സംഘര്‍ഷമുണ്ടായത്.
ആം ആദ്മി പ്രവര്‍ത്തകരും പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. നിരാഹാര സമരം തുടരുന്നതുമായി ബന്ധപ്പെട്ട് ആം ആദ്മി പ്രവര്‍ത്തകരും പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരും തമ്മില്‍ ഇന്നലെ പകല്‍ ചെറിയ തോതിലുള്ള തര്‍ക്കം ഉടലെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാത്രിയുണ്ടായ സംഘര്‍ഷത്തിനു പിന്നില്‍ സി.പി.എം ആണെന്ന ആരോപണവുമായി പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിന്‍ രംഗത്തെത്തി. സംഘര്‍ഷ വിവരം അറിഞ്ഞ് കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തി. പൊമ്പിളൈ ഒരുമൈക്കെതിരെ അശ്ലീലചുവയുള്ള ഭാഷയില്‍ മന്ത്രി മണി അധിക്ഷേപ പ്രസംഗം നടത്തിയതാണ് സമരത്തിന് വഴിയൊരുക്കിയത്.