പെമ്പിളൈ ഒരുമ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കി

മൂന്നാര്‍: മന്ത്രി എം.എം. മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ അഞ്ചു ദിവസമായി മൂന്നാറില്‍ നിരാഹാര സമരം നടത്തുന്ന പെമ്പിളൈ ഒരുമ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. വളരെ നാടകീയമായ രംഗങ്ങള്‍ക്ക് വഴിയൊരുക്കിയാണ് പൊലീസ് സമരനേതാക്കളായ ഗോമതിയെയും കൗസല്യയെയും അറസ്റ്റ് ചെയ്ത് നീക്കിയത്. സമരം നടത്തിയവര്‍ക്കെതിരെ പൊലീസ് നടത്തിയ ബലപ്രയോഗം വന്‍ വിവാദമായിരുക്കയാണ്.
അതേസമയം സമരത്തിലിരിക്കുന്നവരുടെ ആരോഗ്യനില വഷളായതാണ് നടപടിക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് സമരക്കാരെ പൊലീസ് നീക്കിയത്. ഗോമതിയെ വലിച്ചിഴച്ച് ആംബുലന്‍സിലേക്ക് മാറ്റുകയായിരുന്നു. മണിയെ വിടാന്‍ പോകുന്നില്ലെന്നും, സമരം ആസ്പത്രിയിലും തുടരുമെന്നും, ഗോമതി ബലപ്രയോഗത്തിനിടെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
അതിനിടെ ഗോമതി ആംബുലന്‍സില്‍ നിന്നു പുറത്തേക്കു ചാടാനും ശ്രമിച്ചു. പ്രദേശത്തു സംഘര്‍ഷ സമാന സാഹചര്യമാണ്. സമരം വന്‍ പ്രതിഷേധത്തിലേക്കാണ് നീങ്ങുന്നത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവധ സംഘടകള്‍ രംഗത്തെത്തി. പെമ്പിളൈ ഒരുമൈ പ്രവർത്തകരെ കൂടാതെ ആംആദ്മിയും സമരരംഗത്തുണ്ട്. യുഡിഎഫും ബിജെപിയും സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്‌.

ഷാനിമോള്‍ ഉസ്മാനും സി.ആര്‍. നീലകണ്ഠനും ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ നോക്കിനില്‍ക്കെയാണ് അറസ്റ്റ്. സമരക്കാരോട് മാറ്റാനായി എത്തിയ പൊലീസുകാരോട് സമരപ്പന്തലില്‍ നിന്നു തന്നെ ചികിത്സ നല്‍കാന്‍ ആവശ്യപ്പെട്ടങ്കിലും പൊലീസ് ബലം പ്രയോഗിക്കുകയാണുണ്ടായത്.