മെസി, റൊണാള്‍ഡോ, നെയ്മര്‍, ആര്‍ക്കൊപ്പം കളിക്കണമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവുമായി പെലെ

റിയോഡി ജനീറോ: സമകാലീന ഫുട്‌ബോളിലെ ത്രിമൂര്‍ത്തികളായ ലിയോണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവരില്‍ ആരാണ് മികച്ച കളിക്കാരന്‍ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമായി ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ. മെസ്സിക്കും റൊണാള്‍ഡോയ്ക്കും നെയ്മര്‍ക്കുമൊപ്പം കളിക്കാന്‍ അവസരം ലഭിച്ചാല്‍ ആര്‍ക്കൊപ്പം കളിക്കുമെന്ന ചോദ്യത്തിന് പെലെ മെസ്സിയെ തെരഞ്ഞെടുത്തു.

സമകാലീന ഫുട്‌ബോളിലെ സമ്പൂര്‍ണ കളിക്കാരനാണ് മെസ്സിയെന്ന് പെലെ പറഞ്ഞു. പ്രതിഭാധനനായ കളിക്കാരനാണ് മെസ്സി, ഗോളടിക്കാനും പാസ് നല്‍കാനും ഡ്രിബ്ബിള്‍ ചെയ്യാനുമെല്ലാം മിടുക്കന്‍. ഞങ്ങള്‍ രണ്ടുപേരും ഒരു ടീമില്‍ കളിച്ചാല്‍ എതിരാളികള്‍ ഒരു കളിക്കാരനെയല്ല, രണ്ട് കളിക്കാരെ ഭയക്കേണ്ടിവരും.

മഹത്തായ ഫുട്‌ബോള്‍ സംസ്‌കാരമുള്ള രാജ്യങ്ങള്‍ക്കെല്ലാം മികച്ച കളിക്കാരുണ്ടായിരുന്ന കാലഘട്ടം ഇപ്പോഴില്ലെന്നും ഇന്ന് ലോക ഫുട്‌ബോളില്‍ തന്നെ രണ്ടോ മൂന്നോ മികച്ച കളിക്കാരെ ഉള്ളൂവെന്നും പെലെ പറഞ്ഞു. മെസ്സിയും റൊണാള്‍ഡോയും അത്തരത്തിലുള്ള കളിക്കാരാണ്. എന്നാല്‍ നെയ്മര്‍ ഇതുവരെ ആ നിലവാരത്തില്‍ എത്തിയിട്ടില്ല. ഖത്തറില്‍ നടക്കുന്ന അടുത്ത ലോകകപ്പില്‍ നെയ്മര്‍ ബ്രസീലിന് കിരീടം നേടിക്കൊടുത്താല്‍ മഹാന്‍മാരായ കളിക്കാരുടെ നിരയിലേക്ക് നെയ്മര്‍ക്കും എത്താന്‍ കഴിയുമെന്നും പെലെ പറഞ്ഞു.

SHARE