മഅ്ദനി ജുമുഅ നമസ്‌കരിക്കുന്നത് പൊലീസ് തടഞ്ഞു

പാലക്കാട്: കേരളത്തിലെത്തിയ പി.ഡി.പി നേതാവ് അബ്ദുനാസ്സര്‍ മഅ്ദനിയെ ജുമുഅ നമസ്‌കരിക്കുന്നതില്‍ നിന്ന് പൊലീസ് തടഞ്ഞു. സാങ്കേതിക പ്രശ്‌നം ഉന്നയിച്ചാണ് മഅ്ദനിയെ പൊലീസ് തടഞ്ഞത്. മഅ്ദനിക്കൊപ്പമുണ്ടായിരുന്നവര്‍ സംഭവത്തില്‍ പ്രതിഷേധിച്ചതോടെ ചര്‍ച്ചക്കൊടുവില്‍ അദ്ദേഹത്തെ നമസ്‌കരിക്കാന്‍ അനുവദിച്ചു.

കേരള പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പള്ളിയില്‍ പോകുന്ന കാര്യം ഇല്ലായിരുവെന്നും അതിനാലാണ് അനുമതി നിഷേധിച്ചതെന്നുമാണ് കര്‍ണാടക പൊലീസ് നല്‍കുന്ന വിശദീകരണം.

ബംഗളൂരുവില്‍ നിന്ന് കൊല്ലത്തെ വസതിയിലേക്കുള്ള യാത്രക്കിടെയാണ് പാലക്കാട് കഞ്ചിക്കോടിന് സമീപത്തെ ചടയന്‍കാലയിലെ പള്ളിയില്‍ മഅ്ദനി കയറിയത്. ജുമുഅ നമസ്‌കാരത്തിനു ശേഷം അദ്ദേഹം ആലുവയിലേക്ക് യാത്ര തുടരുകയാണ്. ഭാര്യ സൂഫിയ മഅ്ദനി, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, സെക്രട്ടറിമാരായ സലിബാബു, നൗഷാദ് തിക്കോടി എന്നിവര്‍ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

മെയ് 11 വരെയാണ് മഅ്ദനി കേരളത്തില്‍ ഉണ്ടാവുക. കര്‍ണാടക പൊലീസിലെ ഇന്‍സ്‌പെക്ടര്‍മാരടക്കം അഞ്ച് ഉദ്യോഗസ്ഥര്‍ മഅദ്‌നിക്ക് സുരക്ഷ ഒരുക്കുന്നുണ്ട്.