അരിയെത്രയെന്ന് കേരളം, പയറഞ്ഞാഴിയെന്ന് സി. പി.എം

ദുരിതകാലത്തെ ക്രമക്കേട് കയ്യോടെ പിടികൂടുമ്പോള്‍ ചിലര്‍ക്കത് ഉള്‍ക്കൊള്ളാന്‍ പ്രയാസമാവും. ‘കേരളത്തെ അപമാനിക്കുന്നു ‘ എന്ന രീതിയില്‍ മോദി മോഡല്‍ വിലാപമാവും പിന്നെ… അത് ക്ലച്ചു പിടിക്കാതെ വരുമ്പോള്‍ തൊടുന്യായങ്ങളാവും; ആക്രോശമാവും….. ഇന്നലെ പറഞ്ഞ നിലപാടുകള്‍ വെള്ളം തൊടാതെ വിഴുങ്ങലാവും….
സംസ്ഥാന മന്ത്രിമാര്‍ മുതല്‍ Dyfi നേതാക്കള്‍ വരെ ഇക്കാര്യത്തില്‍ മോശക്കാരല്ല…

സ്പ്രിങ്ക്‌ലറുമായ് ബന്ധപ്പെട്ട യഥാര്‍ത്ഥ ഇടപാടുകളും പാളിച്ചകളും മറച്ചുവെക്കാന്‍വേണ്ടി വിവാദം വഴിതിരിച്ചുവിടാനാണ് സര്‍ക്കാര്‍ സംവിധാനങ്ങളും സി പി എം നേതാക്കളും ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് ഓരോ ഘട്ടത്തിലും വ്യക്തം.
എന്നാല്‍ സ്പ്രിങ്ക്‌ളറിന്റേത് സൗജന്യ സേവനം പോലുമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
കോവിഡ് പ്രതിരോധത്തിന് വലിയ രീതിയില്‍ ഡാറ്റ ശേഖരണവും വിശകലനവും അനിവാര്യമായി വരുമെന്നത് വസ്തുതയാണ്, അതിന് നിയമ ചട്ടങ്ങളുടെ ഉള്ളില്‍ നിന്നു കൊണ്ടു സുതാര്യമായി, അനിവാര്യമുള്ള വിവരസുരക്ഷ മുന്‍കരുതലുകളെടുത്തു കൊണ്ടു നടപടികള്‍ കൈക്കൊള്ളണമെന്നു മാത്രമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടുന്നത്.
കോടിക്കണക്കിന് രൂപ ചെലവിട്ട് കേരളം ഡാറ്റ സെന്റര്‍ നടത്തി കൊണ്ടു പോകുന്നത് സര്‍ക്കാരിന് അടിയന്തരമായ സാഹചര്യത്തില്‍ ഡാറ്റ മാനേജിംഗ് ആവശ്യങ്ങള്‍ നടത്തുക എന്ന ഉദ്ദേശത്തില്‍ കൂടിയാണ്, വെള്ളാന ആക്കാന്‍ അല്ല. ലോകത്തില്‍ ആകമാനം പകര്‍ച്ചവ്യാധി നിയന്ത്രണ യജ്ഞത്തില്‍ ആവശ്യമായ ഡാറ്റ മാനേജിംഗ് സൊലൂഷന്‍ നല്‍കുന്ന ധാരാളം സ്വതന്ത്ര സോഫ്റ്റ് വെയര്‍ മാര്‍ഗങ്ങള്‍ റേഡിമെയ്ഡ് ആയി ലഭ്യമാണ്. ഇവയില്‍ പലതും ഒന്നിലധികം രാജ്യങ്ങള്‍ കോവിഡ് നിയന്ത്രണത്തില്‍ ഉപയോഗിക്കുന്നുമുണ്ട്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ സമയത്ത് കേരളം സ്വതന്ത്ര സോഫ്റ്റ്‌വേര്‍ നയം സ്വീകരിച്ചതാണ്, ഇപ്പോള്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് എന്തിനാണ് ഈ യൂടേണ് എന്ന് വിശദീകരിക്കണം.
കേരളത്തിന്റെ ആവശ്യങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ മാര്‍ഗങ്ങള്‍ കൊണ്ടു പരിഹരിക്കാന്‍ പറ്റാത്തതാണെങ്കില്‍ അതിന്റെ കാരണം സര്‍ക്കാര്‍ വിശദീകരിക്കണമായിരുന്നു. പക്ഷെ ഇത് വരെ വിശദീകരിച്ചില്ല.

 1. സ്പ്രിങ്കലര്‍ ലോകാരോഗ്യ സംഘടനയുമായി പ്രോണോ ബോണോ (Prono bono)
  രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെയും സ്പ്രിങ്ക്‌ള റിന്റെയും ഔദ്യോഗിക വെബ്‌പേജുകളില്‍ നിന്നും വ്യക്തമാണ്. സ്വയം മുന്നോട്ടുവന്ന് ഒരു കമ്പനി ചെയ്യുന്ന സന്നദ്ധ സേവന രീതിയെയാണ് പ്രോണോ ബോണോ എന്ന ലത്തീന്‍ പ്രയോഗം കൊണ്ട് അര്‍ത്ഥം ആക്കുന്നത്. പൊതുജനത്തിന്റെ സ്വകാര്യ വിവരങ്ങള്‍ ഒരു സിറ്റിസന്‍ പോര്‍ട്ടല്‍ വെച്ചു ശേഖരിച്ച് അതില്‍ അപഗ്രഥനം ചെയ്തു സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്ന കരാറിലാണ് കേരള സര്‍ക്കാറും സ്പ്രിങ്ക്‌ളറും ഒപ്പുവെച്ചത്. ഇങ്ങനെ ഒരു സേവനം നിലവില്‍ സ്പ്രിങ്ക്‌ളറിന് കേരള സര്‍ക്കാര്‍ അല്ലാതെ വേറെയാരും നല്‍കുന്നില്ല. ലോകാരോഗ്യ സംഘടന പൊതുജനങ്ങള്‍ക്കു നല്‍കുന്ന വിവരങ്ങളായ കോവിഡ് ബാധിതരായി എത്രപ്പേരെ സ്ഥിരീകരിച്ചു, എത്രപ്പേര്‍ മരിച്ചു, എത്രപ്പേര്‍ ചികിത്സയില്‍ കഴിയുന്നു, എത്രപ്പേരെ പരിശോധിച്ചു തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ അല്ലാത്ത ഇത്തരം പൊതുവായ വിവരങ്ങള്‍ അടിസ്ഥാനമാക്കി പൊതുജനങ്ങള്‍ക്കു കാണാന്‍ ഗ്രാഫിക്കല്‍ ചിത്രങ്ങള്‍ അടങ്ങിയ ഡാഷ്‌ബോര്‍ഡ് മാത്രമാണ് സ്പ്രിങ്ക്‌ളര്‍ തയ്യാറാക്കിയത്. ഫേസ്ബുക്കില്‍ ഇത് വിശദീകരിക്കാന്‍ ചാറ്റ് വിന്റോകളുമുണ്ട്. സമാനമായ ഡാഷ്‌ബോര്‍ഡില്‍ വിവരങ്ങള്‍ തരുന്ന ധാരാളം ടെക്‌നോളജി കമ്പനികളുണ്ട്. ഉദാഹരണത്തിന് മൈക്രോസോഫ്റ്റിന്റെ ബിംഗ് ചെയ്ത കോവിഡ് ട്രാകിംഗ് ഡാഷ്‌ബോര്‍ഡ്: https://www.bing.com/covid… എന്നാണ്.
 2. ഐടി ഡിപ്പാര്‍ട്ട്‌മെന്റ് കോവിഡ് നിയന്ത്രണ യജ്ഞത്തിന്റെ ഭാഗമായുള്ള ഡാറ്റ ശേഖരണ, വിശകലന ആവശ്യത്തിന് സ്പ്രിങ്ക്‌ളര്‍ തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച സേവനദാതാക്കല്‍ എന്നു കണ്ടെത്തിയെങ്കില്‍ ആ മാനദണ്ഡങ്ങള്‍ വിവരിക്കുന്ന റിപ്പോര്‍ട്ട് പൊതുജനങ്ങളുടെ മുന്‍പില്‍ വയ്ക്കണം. ഐടി സെക്രട്ടറി ചാനല്‍ ഇന്റര്‍വ്യൂ പറഞ്ഞത് അദ്ദേഹം സ്വന്തം റിസ്‌കില്‍ തീരുമാനമെടുത്തുവെന്നാണ്.
 3. സ്പ്രിങ്ക്‌ളര്‍ സര്‍ക്കാരിനു സൗജന്യ സേവനമാണ് നല്‍കുന്നതെന്നു പറയുന്നത് സാങ്കേതികമായി ശരിയല്ല. സേവനങ്ങള്‍ക്കുള്ള
  ബില്ലിന്റെ തുകയുടെ സ്ഥാനത്ത് ടി ബി ഡി എന്നാണ് പറഞ്ഞിരിക്കുന്നത്. അതായത് റ്റു ബി ഡിസൈഡഡ്.
  സൗജ്യനമാണ് സേവനമെങ്കില്‍ അത് കമ്പനി നേരിട്ടു വ്യക്തമായി പറണം, എന്തിനാണ് ഈ വളച്ചു കെട്ടല്‍ ?

5.ഈ കരാറില്‍ സര്‍ക്കാറിന് സാമ്പത്തിക ബാധ്യതയില്ലെന്ന് ധനവകുപ്പ് പരിശോധിച്ച് ഇതുവരെ അഭിപ്രായം പറഞ്ഞിട്ടുണ്ടോ ?അങ്ങനെയെങ്കില്‍ ധനകാര്യ വകുപ്പ് പരിശോധിച്ചതിന്റെ രേഖകള്‍ പുറത്തുവിടണം ?

 1. നോണ്‍ ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റെ സ്പ്രിങ്ക്‌ളറുമായി കേരള സര്‍ക്കാര്‍ ഒപ്പിട്ടു വാങ്ങുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏപ്രില്‍ 10ന് ആരോപണം ഉന്നയിച്ചു നാല് ദിവസങ്ങള്‍ക്കും വലിയ വിവാദങ്ങള്‍ക്കും ശേഷം ഏപ്രില്‍ 14 നു മാത്രമാണ്. മാര്‍ച്ച് 27 നു സര്‍ക്കാര്‍ ഡാറ്റ സ്പ്രിങ്ക്‌ളര്‍ ശേഖരിച്ച് തുടങ്ങിയിരുന്നു.
 2. ഇന്ത്യയില്‍ ഉള്ള സെര്‍വറില്‍ ഡാറ്റ സൂക്ഷിക്കുമെന്ന കാര്യം സ്പ്രിങ്ക്‌ളര്‍ രേഖാമൂലം സമ്മതിക്കുന്നത് വിവാദം ഉണ്ടായതിനു ശേഷം ഏപ്രില്‍ 12 നു വന്ന റിവൈസ്ഡ് അഫിര്‍മേഷന്‍ മെയിലില്‍ മാത്രമാണ്. സര്‍ക്കാരിന്റെ സിഡിറ്റിന്റെ നേതൃത്വത്തില്‍ ഉള്ള ആമസോണ്‍ വെബ് സെര്‍വറില്‍ ഡാറ്റ സൂക്ഷിക്കാന്‍ തുടങ്ങിയത് ഇതിനും ദിവസങ്ങള്‍ക്കു ശേഷമാണ്. സ്പ്രിങ്ക്‌ളര്‍ നിലവില്‍ തന്നെ തങ്ങളുടെ ആമസോണ്‍ സെര്‍വര്‍ അകൗണ്ടില്‍ സൂക്ഷിച്ച ഡാറ്റയുടെ കോപ്പി എടുത്തിട്ടില്ല, പൂര്‍ണ്ണമായും കൈമാറിയത്തിന് ശേഷം ബാക്കപ്പ് നശിപ്പിച്ചു എന്നു ഉറപ്പാക്കിയതിന്റെ സാങ്കേതിക വിശദീകരണം എന്താണെന്ന് അറിയണം.
 3. സംസ്ഥാനത്തെ ലക്ഷക്കണക്കിന് മനുഷ്യരുടെ മൗലിക അവകാശമായ സ്വകാര്യ വിവരങ്ങള്‍, ആരോഗ്യ വിവരങ്ങള്‍ ഉള്‍പ്പെടെ ഒരു വിദേശ കമ്പനി ശേഖരിക്കുന്നത് നിസാര വിഷയമല്ല. ആരോഗ്യവകുപ്പ്, ധനകാര്യ വകുപ്പ്, ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ക്യാമ്പിനറ്റ് തുടങ്ങി ആരെയും അറിയിക്കാതെ എടുത്ത് ഒപ്പുവെച്ച കരാറാണിത്.
 4. ‘ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ കൊവിഡ് ഡാറ്റ അടക്കമുള്ള മുഴുവന്‍ ഡാറ്റയും പ്രൊസസ് ചെയ്യുന്നത് tableau എന്ന അമേരിക്കന്‍ ഡാറ്റാ മാനേജ്‌മെന്റ് കമ്പനിയാണ്.’ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തുന്ന പ്രസ്താവനയാണിത്.
  tableau എന്നത് വളരെ കോമണായ ഒരു ഡാറ്റാ അനാലിസ് ടൂളാണ്. സ്പ്രിങ്ക്‌ളര്‍ പോലെയല്ല. രാജസ്ഥാന്‍ സ്‌റ്റേറ്റ് ഡാറ്റാ സെന്ററാണ് പേഴ്‌സണല്‍ ഡാറ്റ സൂക്ഷിക്കുന്നത്. അവിടെ നിന്നും ഉള്ള പേഴ്‌സണല്‍ അല്ലാത്ത ഡാറ്റ അനലൈസ് ചെയ്യാന്‍ ആണ് tableau ഉപയോഗിക്കുന്നത്. അനലൈസ് ചെയ്യേണ്ട ഡാറ്റ മാത്രമാണ് അങ്ങോട്ട് അയക്കുന്നത്. അത് അനോണിമൈസ്ഡായി കൊടുക്കാവുന്നതേ ഉള്ളൂ. അതായത് പേഴ്‌സണല്‍ ഡാറ്റ അവര്‍ക്ക് കിട്ടില്ല എന്ന് ചുരുക്കം.
  എന്നാല്‍ കേരളത്തിന്റെ കാര്യത്തില്‍ അങ്ങനെ അല്ല. പേഴ്‌സണല്‍ ഡാറ്റ സ്‌റ്റോര്‍ ചെയ്യുന്നത് വരെ െ്രെപവറ്റ് കമ്പനി ആണ്. അത് പോലെ tableau കോവിഡ്19 ആയി ബന്ധപ്പെട്ട് സ്വീകരിച്ചത് ഒന്നുമല്ല; 2017 മുതല്‍ ബിജെപി സര്‍ക്കാര്‍ രാജസ്ഥാന്‍ ഭരിക്കുമ്പോള്‍ സ്വീകരിച്ച ടൂളാണ് ഇത്.
 5. ‘മഹാരാഷ്ട്ര സര്‍ക്കാരിന്റെ കൊവിഡ് ഡാഷ് ബോര്‍ഡ് മൈക്രോസോഫ്ട് ക്ലൗഡ് ആംനസ്റ്റര്‍ഡാമിലാണ് ഹോസ്റ്റ് ചെയ്തിട്ടുള്ളത്. ‘ ഇതാണ് തെറ്റിദ്ധരിപ്പിക്കുന്ന മറ്റൊരു വാദം.
  ഇവിടെയും വ്യക്തിഗത ഡാറ്റകള്‍ ഇല്ല. പൊതുജനത്തിന് അറിയേണ്ട വിവരങ്ങള്‍ ലഭ്യമാക്കുന്ന ഡാഷ്‌ബോര്‍ഡ് മാത്രമാണ് ഇത്.
  https://www.cpim.org/ എന്ന സി പി എമ്മിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ക്ലൗഡ്ഫ്‌ലെയര്‍ എന്ന അമേരിക്കന്‍ ഹോസ്റ്റിങ് കമ്പനിയില്‍ ആണല്ലോ ചെയ്തിരിക്കുന്നത്. ഇതിനെതിരെ സമാനമായ വില കുറഞ്ഞ ആരോപണം ഉന്നയിക്കുന്നില്ല. സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ശേഖരിക്കുന്ന പൗരന്റെ സ്വാകാര്യ വിവരങ്ങള്‍ സുരക്ഷ മുന്‍കരുതലുകള്‍ ഇല്ലാതെ ഒരു അമേരിക്കന്‍ സ്വകാര്യ കമ്പനിയ്ക്കു കൈകാര്യം ചെയ്യാന്‍ നല്‍കുന്നത് ആണ് വിഷയം.
 6. സ്പ്രിങ്ക്‌ളറുമായി വാങ്ങിയ കരാറില്‍ informed consent’ നിര്‍ബന്ധമായും വാങ്ങണം എന്നു എഴുതി വെച്ചിരിക്കുന്നു. പക്ഷെ ഏത് സ്ഥാപനം, എന്ത് രീതിയിലാണ് തന്റെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിക്കുന്നത് എന്ന കാര്യം പൗരനെ അറിയിക്കാതെയാണ് സ്വകാര്യ വിവരങ്ങള്‍ വാങ്ങുന്നത്. ഇതിന് എതിരെ ഒരു പരാതി പോലും ഉന്നയിക്കണമെങ്കില്‍ അമേരിക്കയില്‍ പോകണമെന്ന് വ്യവസ്ഥ ചെയ്താണ് കരാര്‍ ഒപ്പിട്ടത്. അമേരിക്കയില്‍ പോയി കേസ് നടത്തുക എത്രപ്പേര്‍ക്കു പ്രായോഗികമാണ്? ഇനി കേസ് നടത്താന്‍ അമേരിക്കന്‍ കോടതിയില്‍ പോകുമ്പോള്‍ അവര്‍ ഇന്ത്യയില്‍ ഉള്ള സെര്‍വരില്‍, ഇന്ത്യക്കാരുടെ ഡാറ്റ ശേഖരിച്ചത് തങ്ങളുടെ നിയമാബാധ്യത അല്ലായെന്നു പറഞ്ഞാല്‍ എന്ത് ചെയ്യും ?
  അമേരിക്കന്‍ നിയമങ്ങളാണ് ശക്തമെന്നും അമേരിക്കയെയാണ് ഇക്കാര്യത്തില്‍ വിശ്വസിക്കാന്‍ പറ്റുന്നതെന്നും പറയുന്ന സി പി എം നേതാക്കളെ ചാനല്‍ ചര്‍ച്ചകളില്‍ പ്രതിരോധിക്കേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.
  ഇന്ത്യന്‍ കോണ്‍ട്രാക്ട് ആക്ട് വളരെ ശക്തമാണ്. കരാര്‍ നിയമലംഘനത്തെപ്പറ്റി കൃത്യമായ വ്യവസ്ഥകളുണ്ട്. എപ്പോഴാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് അമേരിക്കയോടും അമേരിക്കന്‍ നിയമ വ്യവസ്ഥയോടും ഇത്ര സ്‌നേഹം തോന്നിയത് എന്ന് പൊതുജനം ആലോചിക്കട്ടെ.

12.കേരള സര്‍ക്കാര്‍ ഒരു അമേരിക്കന്‍ കമ്പനിക്കുവേണ്ടി തട്ടിപ്പ് നടത്തിയതോടു കൂടി കേരളത്തിലെ മുഴുവന്‍ സഖാക്കളും വിവര സ്വകാര്യത ഒരു വിഷയമേയല്ല എന്ന രൂപത്തിലേക്ക് രാഷ്ട്രീയത്തെയും പൊതുബോധത്തെയും കൊണ്ടുപോകുന്നത് എത്ര വലിയ അപകടമാണെന്ന് ചിന്തിക്കണം.

സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനാനുസൃതമായ മൗലികാവകാശമായി അംഗീകരിച്ച സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ചിന്റെ വിധി എന്തുകൊണ്ടും സ്വാഗതാര്‍ഹമാണെന്ന് 2017 ആഗസ്റ്റ് 24ന് എഴുതിയ പിണറായി വിജയന്റെ മലക്കം മറച്ചില്‍ മനസിലാക്കാം.
എന്നാല്‍ മുന്‍ നിലപാടുകള്‍ വിഴുങ്ങി
ഡാറ്റാ കൈമാറ്റം ന്യായീകരിക്കുന്ന മറ്റ് നേതാക്കള്‍ ഇതു തന്നെയാണോ പാര്‍ട്ടിയുടെ നിലപാട് എന്ന് പരിശോധിക്കണം.
ഇത്തരം കാര്യങ്ങളില്‍ ഉത്തരവാദിത്തമുള്ള മന്ത്രിമാരില്‍ നിന്നും ഉത്തരവാദിത്തത്തോടെയുള്ള മറുപടിയാണ് പ്രതീക്ഷിക്കുന്നത്.
സ്വന്തം വകുപ്പായ ഐ ടി വകുപ്പിലെ അഴിമതിയെപ്പറ്റി ചോദ്യം ചോദിക്കുമ്പോള്‍ അതിന് മറുപടി പറയാതെ തന്റെ പാര്‍ട്ടിയിലെ പഴയ ആഭ്യന്തര കലഹകാലത്തെ ‘മീഡിയ സിന്‍ഡിക്കേറ്റ് ‘ ഉള്‍പ്പെടെ പല്ലുകൊഴിഞ്ഞ ആരോപണത്തെ മറുപടിയായി കൊണ്ടുവരുന്നത് ദയനീയമാണ്. ഇത് സി പി എമ്മിലെ ആഭ്യന്തര കലാപമല്ല, മറിച്ച് ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്ന് മുഖ്യമന്ത്രി മനസിലാക്കണം

പി സി വിഷ്ണുനാഥ്‌

SHARE