കര്‍ണാടക: ബിജെപിയുടെ ജയത്തിന് പിന്നിലുള്ള രഹസ്യങ്ങള്‍ വെളിപ്പെടുത്തി പിസി വിഷ്ണുനാഥ്

കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ രണ്ട് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത്. എന്നാല്‍ അവ രണ്ടും പ്രസ്ഥാനത്തെ സംബന്ധിച്ചും വ്യക്തിപരമായും ഏറെ സന്തോഷം നല്‍കുന്ന വിജയങ്ങളാണ്.ശിവാജി നഗറില്‍ നിന്നും റിസ്വാന്‍ അര്‍ഷാദെന്ന യുവനേതാവിന്റേതാണ് അതിലൊന്ന്. ഞാന്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റായ കാലത്ത് അദ്ദേഹം കേരളത്തിന്റെ ചുമതലയുള്ള എന്‍ എസ് യു സെക്രട്ടറിയായിരുന്നു. പിന്നീട് ഞാന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായപ്പോള്‍ അദ്ദേഹം കര്‍ണാടകയില്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായി. ഞാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായപ്പോള്‍ അദ്ദേഹം വീണ്ടും കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറിയായി. 2002 മുതലുള്ള ആത്മബന്ധമുള്ള റിസ്വാന്‍ വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ഏഴു തവണ എംഎല്‍എയും മന്ത്രിയുമെല്ലാം ആക്കിയിട്ടും കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിപോയ റോഷന്‍ ബെയ്ഗിനെ ഒപ്പം നിര്‍ത്തിയാണ് റിസ്വാനെ പരാജയപ്പെടുത്താന്‍ ബി ജെ പി ശ്രമിച്ചത്. എന്നാല്‍ എല്ലാ കൂട്ടുകെട്ടുകളെയും തകര്‍ത്ത് അവിടെ ഉജ്ജ്വല വിജയം നേടാന്‍ റിസ്വാന് സാധിച്ചുവെന്നത് ചെറിയ കാര്യമല്ല.

മറ്റൊരു വലിയ വിജയം ഹുന്‍സൂറില്‍ വിജയിച്ച കോണ്‍ഗ്രസിന്റെ മഞ്ജുനാഥിന്റേതാണ്. ഒരുപാട് അഭിമാനം നല്‍കുന്ന വിജയമാണ് മഞ്ജുനാഥിന്റേതും. അദ്ദേഹം പരാജയപ്പെടുത്തിയത് വിശ്വനാഥിനെയാണ്. 2017ല്‍ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ജനതാദളില്‍ എത്തിയ വിശ്വനാഥ് ദളിന്റെ സംസ്ഥാന പ്രസിഡന്റുവരെയായി. അതിനുശേഷം 2019 ല്‍ ബി ജെ പിയിലേക്ക് കൂറുമാറി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി. കൂറുമാറ്റം കലാപരിപാടിയാക്കിയ വിശ്വനാഥിനെ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് മഞ്ജുനാഥ് വെന്നിക്കൊടി നാട്ടിയത്.

ഈ രണ്ടു വിജയവും നല്‍കുന്ന ആഹ്ലാദവും പ്രതീക്ഷയും വലുതാണ്.ബി ജെ പി അധികാരം നിലനിര്‍ത്തുമ്പോഴും,കര്‍ണാടക ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ അധികാര ദുര്‍വിനിയോഗത്തിന്റെ പ്രതിഫലനമാണെന്ന് ഏതൊരു രാഷ്ട്രീയ വിദ്യാര്‍ത്ഥിക്കും ലളിതമായ് പറയാന്‍ സാധിക്കും.ബിജെപിക്ക് അധികാരം നിലനിര്‍ത്താനുള്ള വഴിയൊരുക്കിയത് സുപ്രീം കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്നാണ്. എല്ലാ കീഴ്വഴക്കവും ജനാധിപത്യ മര്യാദയും നിയമസംവിധാനവും ബി ജെ പി കാറ്റില്‍ പറത്തിയപ്പോള്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ പോലും മൗനസാക്ഷികളായി. ബാക്കി സംഭവിച്ചതെല്ലാം തിരക്കഥയനുസരിച്ചാണ്.സുപ്രീം കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും അവരുടെ അജണ്ടയുടെയും ഭാഗമായി നിന്നുവെന്നത് വലിയ ചോദ്യമുയര്‍ത്തുന്നു.

കാലുമാറ്റക്കാര്‍ മത്സരിക്കുമ്പോള്‍ വ്യത്യസ്തമായ ഫലമുണ്ടാകുമെന്നു തന്നെ ഞങ്ങള്‍ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതുമാണ്. പക്ഷെ വിവരണത്തിനപ്പുറമുള്ള കോടികളുടെ പണത്തിന്റെ കുത്തൊഴുക്കാണ് 15 ഇടത്തും ഉണ്ടായത്.ഒരുപാട് വെല്ലുവിളികളുള്ള തെരഞ്ഞെടുപ്പായിരുന്നു. കൂറുമാറിയ എം എല്‍ എമാരെ സ്പീക്കര്‍ ഈ നിയമസഭയുടെ കാലാവധി കഴിയുന്നതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയായിരുന്നു ചെയ്തത്. പക്ഷേ, സുപ്രീം കോടതി അയോഗ്യത അംഗീകരിക്കുകയും മത്സരിക്കാന്‍ അവര്‍ യോഗ്യരാണെന്നു വിധിക്കുകയും ചെയ്തു. അപൂര്‍വമായ ഒരു വിധിയാണത്. ഒരേസമയം അയോഗ്യരാണെന്നു പറയുകയും മത്സരിക്കാന്‍ യോഗ്യരാണെന്നു പറയുകയും ചെയ്യുന്ന ഒരു സ്ഥിതിയുണ്ടായപ്പോള്‍ ബി ജെ പിക്ക് കാര്യങ്ങള്‍ എളുപ്പമായി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചരിത്രത്തില്‍ ഇതുവരെ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്, നോമിനേഷന്‍ സ്വീകരിച്ച് കഴിഞ്ഞാല്‍
പിന്നെ ആ തെരഞ്ഞെടുപ്പ് കോടതി പറഞ്ഞാല്‍പ്പോലും മാറ്റിവെയ്ക്കാറില്ല; മാറ്റിവെക്കാന്‍ കോടതി നിര്‍ദ്ദേശിക്കാറുമില്ല.
എന്നാല്‍ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയോടു പറഞ്ഞു: ഈ തെരഞ്ഞെടുപ്പ് ഞങ്ങള്‍ മാറ്റിവെയ്ക്കുകയാണ്. കാരണം, ഈ അയോഗ്യരാക്കപ്പെട്ടവര്‍ക്കു മേലുള്ള സുപ്രീം കോടതി വിധി വരണം. തങ്ങള്‍ക്ക് അനുകൂലമായ വിധിയാണു വരാന്‍ പോവുന്നതെന്ന് ബി ജെ പി നേതാവ് യെദിയൂരപ്പ പരസ്യമായി പറയുന്ന സാഹചര്യവുമുണ്ടായി.ഒടുവില്‍ അവര്‍ പ്രതീക്ഷിച്ചതുപോലെ അങ്ങനെയൊരു വിചിത്രമായ വിധിയുണ്ടായി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂറുമാറ്റക്കാര്‍ക്ക് മത്സരിക്കാനായി തെരഞ്ഞെടുപ്പ് മാറ്റിവെച്ചുകൊടുത്തു. സുപ്രീം കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും മുതലുള്ള സ്ഥാപനങ്ങള്‍ ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ, അജണ്ടയുടെ ഭാഗമായി നില്‍ക്കുന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട ശേഷം ജനതാദള്‍എസുമായി ഒളിഞ്ഞും തെളിഞ്ഞും ബി ജെ പി ധാരണയ്ക്ക് ശ്രമിച്ചു. അതിന്റെഅനന്തരഫലമായി ദളില്‍ അവരുടെ പ്രവര്‍ത്തകര്‍ക്കുള്ള വിശ്വാസംപോലും നഷ്ടമായി. ദളിന്റെ കാല്‍ചുവട്ടില്‍ ആകെയുള്ള മണ്ണും ഒലിച്ചുപോയി.ഉപതെരഞ്ഞെടുപ്പിനു ശേഷം കര്‍ണാടക രാഷ്ട്രീയം കോണ്‍ഗ്രസിലേക്കും ബി ജെ പിയിലേക്കും ധ്രുവീകരിക്കപ്പെട്ടിരിക്കയാണ്.പോരാടാനുള്ളത് രണ്ട് പ്രബല ശക്തികളോടാണ് ബി ജെ പിയോടും അവരെ താങ്ങി നിര്‍ത്തുന്ന സാമ്പത്തിക മാഫിയകളോടും. സക്രിയ പ്രതിപക്ഷമായി, ജനാധിപത്യ പുരോഗമന ചേരിയുടെ ശബ്ദമായി പോരാട്ടം തുടരും.

SHARE