വീഴ്ച്ചകള്‍ പറയുമ്പോള്‍ കുശുമ്പ് തോന്നിയിട്ട് കാര്യമില്ല മുഖ്യമന്ത്രി

മുമ്പ് പലതവണ പറഞ്ഞ കാര്യം ആവർത്തിക്കട്ടെ: നിപയും പ്രളയവും എന്നപോലെ കൊറോണ തീർത്ത പ്രതിസന്ധി ഘട്ടങ്ങളിലും സംസ്ഥാനത്തിന്റെ പൊതുതാത്പര്യം കണക്കിലെടുത്ത് സർക്കാറിനൊപ്പം നിൽക്കുമ്പോഴും ജനാധിപത്യ സംവിധാനത്തിൽ പ്രതിപക്ഷത്തിന് തങ്ങളുടെ കടമയുണ്ട്. ചില സൈബർ പോരാളികൾ ചെയ്യുന്നതുപോലെ സർക്കാറിന് മംഗളപത്രമെഴുതലല്ല ആ കടമ; മറിച്ച് വീഴ്ചകൾ ചൂണ്ടിക്കാട്ടി ക്രിയാത്മകമായ് ഇടപെടലാണ്.

പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും അതുതന്നെയാണ് ചെയ്യുന്നതും. കഴിഞ്ഞ ദിവസം കാസർഗോഡ് മെഡിക്കൽ കോളേജ് തുടങ്ങാൻ തന്റെ സർക്കാറെടുത്ത മുൻകയ്യും എൽ ഡി എഫ് സർക്കാറിന്റെ ഒച്ചുവേഗവും ചൂണ്ടിക്കാട്ടിയത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്.

ഇത്തരം വിമർശനങ്ങളെ അസഹിഷ്ണുതയോടെ നേരിടുകയാണ് സൈബർ പോരാളികളെങ്കിൽ, ഇന്നലെ മുഖ്യമന്ത്രി കൂടി അതിൽ പങ്കാളിയായത് ദു:ഖകരമാണ്. മുല്ലപ്പള്ളി രാമചന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിക്കാൻ മുഖ്യമന്ത്രി തുനിഞ്ഞപ്പോൾ, സൈബർ ഗുണ്ടകൾക്ക് നാലുഭാഗത്തു നിന്നും അക്രമിക്കാനുള്ള ലൈസൻസ് നൽകൽ കൂടിയായി അത് മാറി.

മുല്ലപ്പള്ളി ഉന്നയിച്ച ചോദ്യങ്ങൾക്ക് വസ്തുനിഷ്ഠമായി മറുപടി പറയാനായിരുന്നു മുഖ്യമന്ത്രി തയ്യാറാവേണ്ടിയിരുന്നത്.

പാവങ്ങൾക്ക് നിലവിൽ 35 കിലോ അരി സൗജന്യമായിരുന്നു. അവർക്ക് കൂടുതലായി എന്ത് കൊടുത്തു എന്നാണ് മുല്ലപ്പള്ളി ഉയർത്തിയ ചോദ്യം.
ബിപി എൽ കാർഡുള്ളവർക്ക് ഉമ്മൻ ചാണ്ടി സർക്കാർ അരി സൗജന്യമാക്കിയെങ്കിൽ അത് എൽ ഡി എഫ് കാലത്ത് രണ്ട് രൂപയാക്കി; കോവിഡ് ആയതിനാൽ ഇപ്പോൾ മാത്രം സൗജന്യമാക്കി. അപ്പോൾ, സൗജന്യമായി ലഭിക്കേണ്ട ആളുകൾക്ക് അധികമായി എന്ത് നൽകി എന്ന ചോദ്യം പ്രസക്തമല്ലേ ?
നിങ്ങൾ പ്രഖ്യാപിച്ചു എന്ന് പറയുന്ന 20000 കോടി പാക്കേജിൽ നിന്ന് എത്ര രൂപ ധാന്യവിതരണത്തിന് ചെലവായിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ?

പാവപ്പെട്ടവർ കൂടുതൽ പാവങ്ങളാവുന്ന സാഹചര്യത്തിൽ അവർക്ക് കൂടുതൽ സൗജന്യങ്ങൾ കൊടുക്കാൻ സർക്കാറിന് ബാധ്യതയുണ്ട്.

രാജസ്ഥാനിലെയും പഞ്ചാബിലെയും കോൺഗ്രസ് സർക്കാറുകളും തൊട്ടടുത്ത തമിഴ്നാട് സർക്കാറും ദിവസ വേതന തൊഴിലാളികൾ ഉൾപ്പെടെ ആളുകളുടെ അക്കൗണ്ടിലേക്ക് നേരിട്ട് 1000 മുതൽ 1500 രൂപ വരെയിട്ടു കൊടുക്കുന്നു. അതൊന്നും ഇതുവരെ കേരളത്തിൽ ചെയ്തിട്ടില്ലെന്ന് മാത്രമല്ല, അധരവ്യായാമങ്ങൾ മുറതെറ്റാതെ നടക്കുകയുമാണ്.

ഗൾഫിലെ പണക്കാരെപ്പറ്റിയല്ല, സാധാരണക്കാരുൾപ്പെടെ പാവപ്പെട്ടവരുടെ കാര്യമാണ് ഇന്നലെ മുല്ലപ്പള്ളി സൂചിപ്പിച്ചത്. ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചതും പങ്കുവെച്ചതും കുശുമ്പാണോ ?!

വീഴ്ചകൾ ഇനിയും പറയും; ഔദ്യോഗിക സംവിധാനത്തിനൊപ്പവും അല്ലാതെയും നിന്ന് സന്നദ്ധ-സേവന പ്രവർത്തനങ്ങൾ തുടരും… – ആർക്കും ‘കുശുമ്പു’ തോന്നിയിട്ട് കാര്യമില്ല
-പി സി വിഷ്ണുനാഥ്

SHARE