‘സിപിഎം ആചാരങ്ങള്‍ക്ക് എതിരാണെന്ന് ആരാണ് പറഞ്ഞത്; എല്ലാ തെരഞ്ഞെടുപ്പിലും മുടങ്ങാതെ നടത്തുന്ന ആചാരം ഇത്തവണയും ആവര്‍ത്തിച്ചു’;സി.പി.എമ്മിനെ പരിഹസിച്ച് പി.സി വിഷ്ണുനാഥ്

കോഴിക്കോട്: സിപി.എമ്മിന്റെ കള്ളവോട്ടിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് യുവ നേതാവ് പി.സി വിഷ്ണുനാഥ്. സിപിഎം ആചാരങ്ങള്‍ക്ക് എതിരാണെന്ന് ആരാണ് പറഞ്ഞത്, എല്ലാ തിരഞ്ഞെടുപ്പിലും മുടങ്ങാതെ നടത്തുന്ന ആചാരം ഇത്തവണയും ആവര്‍ത്തിച്ചുവെന്നും പി.സി വിഷ്ണുനാഥ് പറഞ്ഞു. കാസര്‍കോഡ് കള്ളവോട്ട് നടന്നുവെന്ന വാര്‍ത്തയെത്തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു വിഷ്ണുനാഥ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സിപിഎം ആചാരങ്ങള്‍ക്ക് എതിരാണ് എന്ന് ആരാണ് പറഞ്ഞത്; എല്ലാ തിരഞ്ഞെടുപ്പിലും മുടങ്ങാതെ നടത്തുന്ന ആചാരം ഇത്തവണയും ആവര്‍ത്തിച്ചു; മരിച്ചവര്‍ തിരിച്ചു വരുന്ന ദിവസം ! പക്ഷെ ഇത്തവണ സാമ്രാജ്യത്വ ഉപകരണമായ CCTV ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഇനി സാംസ്‌കാരിക നായകന്മാര്‍ക്ക് പുറത്തുവരാം, ഫാസിസത്തെയും സാമ്രാജ്യത്വത്തെയും പരാജയപ്പെടുത്താന്‍ കള്ളവോട്ടും ആയുധമാക്കാം എന്ന് പറയാം . ‘കള്ളവോട്ടും കലയും’ എന്ന വിഷയത്തില്‍ ദേശിയ, സംസ്ഥാന അവാര്‍ഡ് നേടിയ ചലച്ചിത്ര സംവിധായകരുടെയും, നടീനടന്മാരുടെയും നേതൃത്വത്തില്‍ സെമിനാര്‍, 25 വര്‍ഷം തുടര്‍ച്ചയായി കള്ളവോട്ടു ചെയ്തവരെ ആദരിക്കല്‍,കള്ളവോട്ടും മൗലികതയും എന്ന മോഷ്ടിക്കാത്ത കവിതയുടെ പ്രകാശനം.

വേഗമാകട്ടെ സാംസകാരിക കേരളം കാത്തിരിക്കുന്നു.

SHARE