പൗരത്വനിയമ ഭേദഗതി; നിയമസഭയില്‍ ബി.ജെ.പിക്കൊപ്പം നിന്ന് പി.സി ജോര്‍ജ്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്. പൗരത്വനിയമ ഭേദഗതി കൊണ്ട് ആര്‍ക്കും പൗരത്വം നഷ്ടമാകാന്‍ പോകുന്നില്ല. ഇല്ലാത്തത് പറഞ്ഞ് എല്‍ഡിഎഫ് മുസ്ലിംകളെ കബളിപ്പിക്കുകയാണെന്നും ഭീതി പരത്തുകയാണെന്നും പി സി ജോര്‍ജ് ആരോപിച്ചു.

നിയമസഭയിലാണ് പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് പി സി ജോര്‍ജ് സംസാരിച്ചത്. നേരത്തെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ പി സി ജോര്‍ജ് അനുകൂല നിലപാടായിരുന്നു എടുത്തിരുന്നത്. കുരങ്ങിന്റെ കയ്യില്‍ പൂമാല കിട്ടി എന്ന് പറയും പോലെയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണം. എന്ത് ചെയ്യണമെന്ന് സര്‍ക്കാരിന് ഒരു പിടിയുമില്ലാത്ത അവസ്ഥയാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടത്തുന്ന സമരങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ വിറപ്പിക്കുന്ന വിധത്തില്‍ ആകണമെന്നുമായിരുന്നു പിസി ജോര്‍ജ് അന്ന് പറഞ്ഞത്. സമരങ്ങള്‍ മോദി സര്‍ക്കാര്‍ അറിയും വിധത്തിലാകണം. അഞ്ച് ലക്ഷം പേരെ ഇറക്കി എജീസ് ഓഫീസ് പത്ത് ദിവസം വളഞ്ഞു വക്കാന്‍ കഴിയണം. അഞ്ച് ലക്ഷം പേരെ അണിനിരത്താനുണ്ടായിരുന്നെങ്കില്‍ അത്തരമൊരു സമര രീതി ഏറ്റെടുത്തേനെ എന്നും കേരളത്തിലെ സമരം കണ്ട് കേന്ദ്ര സര്‍ക്കാര്‍ വിറയ്ക്കുന്ന അവസ്ഥയുണ്ടാകണമെന്നും അന്ന് പി സി ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

ഇപ്പോള്‍ ഈ നിലപാട് മാറ്റിയാണ് പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് പി സി ജോര്‍ജ് സംസാരിച്ചത്. അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തില്‍ നിന്ന് ഐക്യകണ്‌ഠേന എന്ന പ്രയോഗം മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ രംഗത്ത് വന്നു.

പ്രമേയം പാസാക്കാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ യോഗത്തിനെത്തിയ രാജഗോപാല്‍ പ്രമേയത്തെ എതിര്‍ക്കുകയോ പ്രമേയത്തില്‍ വോട്ടെടുപ്പ് ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. ഏക ബിജെപി എംഎല്‍എ ആയ ഒ രാജഗോപാല്‍ എതിര്‍പ്പ് രേഖപ്പെടുത്താന്‍ തയ്യാറാകാതിരുന്നതോടെ ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായി അംഗീകരിച്ച പ്രമേയം ഏകകണ്ഠമായി പാസാക്കാന്‍ നിയമസഭക്ക് കഴിഞ്ഞു.

SHARE