ക്രൂരമായ പീഢനമാണെങ്കില്‍ എങ്ങനെയാണ് പിറ്റേന്ന് ഷൂട്ടിങ്ങിന് പോയത്?; ആക്രമിക്കപ്പെട്ട നടിയെ ആക്ഷേപിച്ച് വീണ്ടും പി.സി ജോര്‍ജ്ജ്

കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ ആക്ഷേപിച്ച് വീണ്ടും പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ്. നിര്‍ഭയയേക്കാള്‍ ക്രൂരമായ പീഢനമാണ് നടിക്കുണ്ടായതെങ്കില്‍ എങ്ങനെയാണ് ഷൂട്ടിങ്ങിന് പോകാന്‍ കഴിഞ്ഞതെന്ന് പി.സി ജോര്‍ജ്ജ് ചോദിച്ചു.

നടിക്കുണ്ടായത് നിര്‍ഭയയേക്കാള്‍ ക്രൂരമായ പീഢനമാണെന്നാണ് പോലീസ് കോടതിയില്‍ പറഞ്ഞത്. ക്രൂരമായ പീഢനമാണെങ്കില്‍ എങ്ങനെയാണ് ആ കൊച്ചിന് പിറ്റേ ദിവസം ഷൂട്ടിങ്ങിന് പോകാന്‍ കഴിയുക? ആളുകള്‍ വിശ്വസിക്കുന്നതെന്തെങ്കിലും പോലീസ് പറയണമെന്നും പി.സി പറഞ്ഞു. നേരത്തേയും നടിക്കെതിരെ മോശം പരാമര്‍ശവുമായി പി.സി ജോര്‍ജ്ജ് എത്തിയിരുന്നു. ദിലീപിനെ അറസ്റ്റു ചെയ്തതില്‍ ഗൂഢാലോചനയുണ്ടെന്നും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പി.സി ജോര്‍ജ്ജിനെ ചോദ്യം ചെയ്യാന്‍ പോലീസ് ഒരുങ്ങിയെങ്കിലും ചോദ്യം ചെയ്തിരുന്നില്ല.

അതേസമയം, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ആറുമണിക്കൂര്‍ ചോദ്യം ചെയ്‌തെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാതെ അപ്പുണ്ണി മടങ്ങുകയായിരുന്നു. മഞ്ജുവാര്യറുടെ അടുത്ത സുഹൃത്തായ പരസ്യ സംവിധായകന്‍ ശ്രീകുമാറിനേയും പോലീസ് ചോദ്യം ചെയ്തു.