പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ അന്തരിച്ചു

കാസര്‍കോട്: മഞ്ചേശ്വരം എം.എല്‍.എ.യും മുസ്ലിം ലീഗ് ദേശീയ എക്സിക്യൂട്ടിവ് അംഗവുമായ പി.ബി. അബ്ദുല്‍ റസാഖ് (63) ഇനി ഓര്‍മ്മ . പനി ബാധിച്ച് രണ്ട് ദിവസം മുമ്പ് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അബ്ദുല്‍ റസാഖിന്റെ വിയോഗം ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു. ശ്വാസ സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. പുലര്‍ച്ചെയോടെ അസുഖം മൂര്‍ച്ഛിച്ചു.
മയ്യത്ത് ഇന്നലെ രാത്രി പത്ത് മണിയോടെ ഔദ്യോഗിക ബഹുമതികളോടെ ആലംപാടി ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. മരണ വിവരമറിഞ്ഞ് പുലര്‍ച്ചെ മുതല്‍ നായന്മാര്‍മൂല താജ് നഗര്‍ എസ്.എസ് മന്‍സിലിലേക്ക് അണമുറയാത്ത ജനപ്രവാഹമായിരുന്നു. എം.എല്‍.എയെ അവസാനമായി ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയ ജനങ്ങളെ കൊണ്ട് വീടും പരിസരവും അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പുമുട്ടി. പല തവണയായി മയ്യത്ത് നിസ്‌കാരം നടന്നു. ഉച്ചയ്ക്ക് രണ്ടര മുതല്‍ മൂന്നര വരെ ഉപ്പളയിലെ മഞ്ചേശ്വരം മണ്ഡലം മുസ് ലിം ലീഗ് ഓഫീസ് പരിസരത്ത് പൊതു ദര്‍ശനത്തിന് വെച്ച മയ്യത്തിന് ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചു. ദുബൈയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ , എം.പി മാര്‍, എം.എല്‍,എ മാര്‍ തുടങ്ങിയവര്‍ വസതിയിലെത്തി അനുശോചിച്ചു. വ്യവസായിയായിരുന്ന അബ്ദുല്‍ റസാഖ് സ്വന്തം പ്രയത്ന ഫലമായാണ് രാഷ്ട്രീയത്തില്‍ തിളങ്ങിയതും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുതല്‍ എം.എല്‍.എ.വരെയായി വളര്‍ന്നതും. 2011 ലാണ് അബ്ദുല്‍ റസാഖ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തുന്നത്. സി.പി.എമ്മിലെ അഡ്വ. സി.എച്ച് കുഞ്ഞമ്പുവിനെയാണ് പരാജയ പ്പെടുത്തിയത്. 2016 ല്‍ ഇവിടെ നിന്ന് വീണ്ടും വിജയിച്ചു. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ 89 വോട്ടിന് പരാജയപ്പെടുത്തുകയായിരുന്നു. അബ്ദുല്‍ റസാഖിന് 56,870 വോട്ടു ലഭിച്ചപ്പോള്‍ സുരേന്ദ്രന് 56, 781 വോട്ട് ലഭിച്ചു. സി.പി.എമ്മിലെ സി.എച്ച് കുഞ്ഞമ്പു 42, 585 വോട്ടോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വ്യവസായിയായ അബ്ദുല്‍ റസാഖ് 1967ല്‍ മുസ്ലിം യൂത്ത് ലീഗിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സിലര്‍, മുസ് ലിം ലീഗ് കാസര്‍ കോട് ജില്ലാ വൈസ് പ്രസിഡണ്ട്, സെക്രട്ടറി, കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. 2000മുതല്‍ 2005 വരെ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. 2005 മുതല്‍ 2009 വരെ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന അദ്ദേഹം അവസാന ഒരു വര്‍ഷം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട്, കേരള റൂറല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. കാസര്‍കോട് സംയുക്ത ജമാഅത്ത് ആക്ടിംഗ് പ്രസിഡണ്ട്, സുന്നീ മഹല്ല് ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി, നെല്ലിക്കട്ട പി.ബി.എം. ഹൈസ്‌കൂള്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പാടി എ.എല്‍പി. സ്‌കൂളിന്റെയും കൂടാല്‍ മേര്‍ക്കള സ്‌കൂളിന്റെയും മാനേജരായും പ്രവര്‍ത്തിച്ചു. എര്‍മാളം ജമാഅത്ത് ജനറല്‍ സെക്രട്ടറി, നെല്ലിക്കട്ട, നീര്‍ച്ചാല്‍ ജമാഅത്തുകളുടെ പ്രസിഡണ്ട്, നായന്മാര്‍മൂല ജമാഅത്ത് വര്‍ക്കിംഗ് കമ്മിറ്റി അംഗം എന്നീനിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെര്‍ക്കളം അബ്ദുല്ലയുടെ വിയോഗത്തോടെയാണ് കാസര്‍കോട് സംയുക്ത ജമാഅത്തിന്റെ ആക്ടിംഗ് പ്രസിഡണ്ടായി ചുമതലയേറ്റത്. പരേതരായ ബീരാന്‍ മൊയ്തീന്‍ ഹാജിയുടെയും ബീഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. ചെങ്കള പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മുന്‍ ചെയര്‍പേഴ്സണ്‍ സഫിയയാണ് ഭാര്യ. മക്കള്‍: സായിറ, ഷെഫീഖ് (പൊതുമരാമത്ത് കരാറുകാരന്‍), ഷൈല, ഷൈമ. മരുമക്കള്‍: ആബിദ് ആസ്‌ക കാഞ്ഞങ്ങാട്, അഫ്രീന ചെര്‍ക്കള, നിയാസ് ബേവിഞ്ച, ദില്‍ഷാദ് പള്ളിക്കര. സഹോദരങ്ങള്‍: പി.ബി. അബ്ദുല്ല (വ്യവസായി) പി.ബി. അബ്ദുല്‍ റഹ്മാന്‍, പി.ബി. അഹമ്മദ്, ആയിഷ ബേവിഞ്ച, റുഖിയ എരിയാല്‍, പരേതരായ പി.ബി. അബൂബക്കര്‍, പി.ബി. മുത്തലിബ്, പി.ബി. മുഹമ്മദ്.