പഴയന്നൂര്‍: ഫുട്‌ബോള്‍ കാണാതായതിന് പരാതി പറഞ്ഞ അഞ്ചാംക്ലാസുകാരന് തുണയായി പഴയന്നൂര്‍ പൊലീസ്. ചീരക്കുഴി ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ അഞ്ചാംക്ലാസുകാരനായ അതുലാണ് പരാതിയുമായി പഴയന്നൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. വീടിന്റെ അടുത്തുള്ള മൈതാനത്ത് നിന്നാണ് പന്ത് കാണാതായത്. വീട്ടില്‍ പറഞ്ഞെങ്കിലും ഫലമുണ്ടാവാത്തതിനാലാണ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്.
പഴയന്നൂര്‍ പൊലീസ് സ്റ്റേഷനിലെ നമ്പര്‍ ഗൂഗിള്‍ നോക്കി കണ്ടുപിടിച്ചാണ് അതുല്‍ പരാതി പറഞ്ഞത്. പരാതി അറിയിച്ച അതുല്‍ ഇടക്ക് പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുമായിരുന്നു. പുതിയ പന്ത് വാങ്ങിനല്‍കാമെന്ന് എസ്.ഐ പ്രദീപ് പറഞ്ഞെങ്കിലും പഴയത് മതിയെന്നായിരുന്നു അതുലിന്റെ നിലപാട്.
പരാതിയുടെ ഗൗരവം മനസിലാക്കി പൊലീസ് അന്വേഷണം ത്വരിതപ്പെടുത്തി. ഗ്രൗണ്ടിന് സമീപത്തുള്ള സ്‌കൂളിലെ മുതിര്‍ന്ന കുട്ടികളാണ് പന്ത് എടുത്തതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. വിദ്യാര്‍ത്ഥികളായതിനാല്‍ പൊലീസ് രക്ഷിതാക്കളുടേയും അധ്യാപകരുടേയും സാന്നിധ്യത്തില്‍ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.