പവന്‍ ജല്ലാദ്; തൂക്കിക്കൊല്ലലിന്റെ ഇന്ത്യന്‍ ചരിത്രത്തിലെ ഈ റെക്കോര്‍ഡിനുടമ

ന്യൂഡല്‍ഹി: ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ആദ്യമായാണ് നാല് പേരെ ഒന്നിച്ച് തൂക്കിലേറ്റുന്നത്. അതിന് നിയോഗമായത് ആരാച്ചാര്‍മാരുടെ പരമ്പരയില്‍ ജനിച്ച പവന്‍ ജല്ലാദ്. ജല്ലാദ് എന്നാല്‍ ഹിന്ദിയില്‍ ആരാച്ചാര്‍. ശിക്ഷനടപ്പാക്കാന്‍ ജനിക്കുന്നവര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നവരാണ് ജല്ലാദുമാര്‍.

പാരമ്പര്യമായി ഈ തൊഴില്‍ ചെയ്യുന്ന കുടുംബമായതിനാല്‍ പവന്‍, പവന്‍ ജല്ലാദായി. രാജ്യത്ത് ഉള്ള അപൂര്‍വ്വം ആരാച്ചാര്‍മാരില്‍ ഒരാളാണ് പവന്‍. ജോലി മീററ്റ് ജയിലിലാണ്. നിര്‍ഭയ കേസില്‍ ഡല്‍ഹി കോടതി ആദ്യ മരണ വാറണ്ട് പുറപ്പെടുവിച്ചപ്പോള്‍ തന്നെ തിഹാര്‍ ജയില്‍ അധികൃതര്‍ ആരാച്ചാരുടെ സേവനം ആവശ്യപ്പെട്ടു യുപി ജയില്‍ വകുപ്പിന് കത്തയച്ചിരുന്നു.

തിഹാറില്‍ സ്വന്തമായി ആരാച്ചാര്‍ ഇല്ല. ജനുവരി 30 നു പവന്‍ തിഹാറില്‍ എത്തി. 31 നു തൂക്കിലേറ്റുന്നതിന്റെ ഡമ്മി പരീക്ഷണവും നടത്തി. കോടതി രണ്ടാമത് പുറപ്പെടുവിച്ച മരണ വാറണ്ട് പ്രകാരം തൂക്കിലേറ്റേണ്ടത് തൊട്ടടുത്ത ദിവസമായ ഫെബ്രുവരി ഒന്നിനായിരുന്നു. അതിനിടയിലാണ് മരണ വാറണ്ട് നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടത്.

മീററ്റിലെ കാന്‍ഷിറാം കോളനിയിലെ ഒറ്റമുറി വീട്ടില്‍ കഴിയുന്ന പവന്‍ നാലാം തലമുറയിലെ ആരാച്ചാരാണ്. പവന്റെ മുത്തച്ഛന്‍ കല്ലുറാമും കല്ലുറാമിന്റെ അച്ഛന്‍ ലക്ഷ്മണും ആരാച്ചാമാര്‍ ആയിരുന്നു. കല്ലുറാമിന്റെ മരണശേഷം മകന്‍ മുമ്മുവും, മുമ്മുവിന്റെ മരണ ശേഷം പവനും ഇതേ തൊഴിലിലെത്തി.

ഇന്ദിരാ ഗാന്ധി ഘാതകനായ ബിയാന്ത് സിങ്ങിനെയും സത്വന്ത് സിങ്ങിനെയും തൂക്കിലേറ്റിയത് കല്ലുറാം ആയിരുന്നു. ഇരുപത്തിമൂന്നാം വയസ്സില്‍ മുത്തച്ഛനും അച്ഛനുമൊപ്പം കഴുവേറ്റാന്‍ പോയ അനുഭവവും പവന് ഉണ്ട്.യുപി ജയിലില്‍ അയ്യായിരം രൂപ മാത്രം മാസ ശമ്പളമുള്ള പവന് ഒരാളെ കഴുവേറ്റിയതിനു തിഹാര്‍ അധികൃതര്‍ നല്‍കുക ഇരുപത്തിഅയ്യായിരം രൂപയാണ്. നാല് പ്രതികളെ തൂക്കിലേറ്റിയതിന് ഒരു ലക്ഷം രൂപ ലഭിക്കും. ഈ പണംകൊണ്ട് മകളുടെ വിവാഹമാണ് പവന്‍ ജല്ലാദിന്റെ മനസ്സില്‍.