നെയ്മറിനൊപ്പവും കളിച്ചിട്ടുണ്ട്; പക്ഷേ, മെസ്സിയാണ് ലോകത്തിലെ മികച്ച കളിക്കാരന്‍: പൗളിഞ്ഞോ

ലയണല്‍ മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ എന്ന് ബാര്‍സലോണയുടെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ പൗളിഞ്ഞോ. ലോക ഫുട്‌ബോളിലെ വിലയേറിയ താരമായ നെയ്മറിനൊപ്പം ബ്രസീല്‍ ടീമില്‍ കളിച്ചിട്ടുണ്ടെങ്കിലും മെസ്സിയാണ് മികച്ച താരം എന്ന് പൗളിഞ്ഞോ പറഞ്ഞു.

‘ദേശീയ ടീമില്‍ നെയ്മറിനൊപ്പം കളിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ മെസ്സിക്കൊപ്പവും കളിക്കുന്നു. അദ്ദേഹം തീര്‍ത്തും വ്യത്യസ്തനായ കളിക്കാരനാണ്. ലോകത്തെ ഏറ്റവും മികച്ച കളിക്കാരനും മെസ്സി തന്നെ…’ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ഒളിംപിയാക്കോസിനെ നേരിടുന്നതിനു മുമ്പായുള്ള പത്രസമ്മേളനത്തില്‍ പൗളിഞ്ഞോ പറഞ്ഞു.

‘ലോകത്തെ ഏറ്റവും നല്ല കളിക്കാരനൊപ്പം കളിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. അദ്ദേഹത്തിന് വളരെ വേഗം പന്തെത്തുന്നു എന്ന് നമ്മള്‍ ഉറപ്പാക്കണം. മെസ്സിയും നെയ്മറും വളരെ നല്ല കളിക്കാരാണ്. മെസ്സി എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇരുവര്‍ക്കുമൊപ്പം കളിക്കാന്‍ കഴിഞ്ഞത് ബഹുമതിയായാണ് ഞാന്‍ കാണുന്നത്. ഇപ്പോള്‍ എന്റെ ജോലി മെസ്സിയെ ലോകത്തെ മികച്ച കളിക്കാരനായി തുടരാന്‍ സഹായിക്കുക എന്നതാണ്.’

‘നെയ്മറിന്റെ കാര്യത്തില്‍ നാളെയോ അടുത്ത രണ്ടു മൂന്നു വര്‍ഷങ്ങളിലോ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് പറയാന്‍ കഴിയില്ല. അദ്ദേഹം ലോകത്തെ മികച്ച കളിക്കാരനായി മാറിയേക്കാം.’ ബാര്‍സയുടെ രീതിയോട് ഇഴുകിച്ചേരാന്‍ തുടക്കത്തില്‍ താന്‍ ബുദ്ധിമുട്ടിയെന്നും സഹകളിക്കാര്‍ നല്ല പിന്തുണയാണ് നല്‍കുന്നതെന്നും പൗളിഞ്ഞോ പറഞ്ഞു.