ചരിത്ര വിധിയുടെ തുണയോടെ ആസ്‌ത്രേലിയക്കെതിരെ ഫ്രാന്‍സിന് വിജയം

കസാന്‍: 2018 ലോകകപ്പിന്റെ പുത്തന്‍ നിയമങ്ങള്‍ വിധിയെഴുതിയ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിന് ജയം. കസാനില്‍ നടന്ന ഗ്രൂപ്പ് മത്സരത്തില്‍ പെനാല്‍റ്റികളും വീഡിയോ വിധിയെഴുത്തുമൊക്കെയാണ് വിധിയെഴുതിയത്. വിഡിയോ അസിസ്റ്റന്റ് റഫറി (വി.എ.ആര്‍) സംവിധാനം ആദ്യ ലോകകപ്പ് ഗോളി(ഗ്രീസ്മാന്‍)ലേക്ക് നയിച്ച മല്‍സരത്തില്‍ ഓസ്‌ട്രേലിയയോട് ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഫ്രഞ്ച് വിജയം.

ഗോളൊഴിഞ്ഞ ഒന്നാം പകുതിക്കുശേഷം ഗ്രീസ്മന്റെ പെനാല്‍റ്റിയിലൂടെ ഫ്രാന്‍സാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍, നാലു മിനിറ്റിനുള്ളില്‍ ഓസീസിന് അനുകൂലമായും ലഭിച്ചു പെനല്‍റ്റി. 62 ാം മിനുട്ടില്‍ പെനല്‍റ്റിയിലൂടെ ജെഡിനാകാണ് ഓസീസിന്റെ ആശ്വാസഗോള്‍ നേടിയത്. എന്നാല്‍ 80 ാം മിനുട്ടില്‍ ഫ്രഞ്ച് പടയുടെ നടുന്തൂണായ പോള്‍ പോഗ്ബ മനോഹരമായ ചിപ്പി ഷോട്ടിലൂടെ വിജയ ഗോള്‍ കണ്ടെത്തുകയായിരുന്നു.

SHARE