തായ്ലാന്റിലേക്ക് യാത്ര പോകാനിഷ്ടമുള്ളവരാണ് യാത്രാപ്രേമികള്‍. എന്നാല്‍ ഏവരും ധരിച്ചുവെച്ചിരിക്കുന്നത് തായ്ലാന്റിലെ പട്ടായയില്‍ സെക്സ് ടൂറിസം മാത്രമാണ് നടക്കുന്നതെന്നാണ്. സെക്സ് ടൂറിസത്തിനപ്പുറത്ത് സാംസ്കാരിക സ്ഥാപനങ്ങളുടെയും ചരിത്രസ്മൃതികളുടെയും സാഹസിക വിനോദങ്ങളുടെയും നാടുകൂടിയാണ് പട്ടായയും തായ്ലാന്റുമൊക്കെ.
തായ്ലാന്റില് പോകുന്നവരാരും പട്ടായ സന്ദര്‍ശിക്കാതെ മടങ്ങാറില്ല. എന്നാല്‍ സെക്സ് ടൂറിസത്തെ അവിടുത്തെ സര്‍ക്കാര്‍ പ്രോല്സാഹിപ്പിക്കുന്നില്ലെന്നതാണ് യഥാര്‍ത്ഥ വസ്തുത. വളരെ കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ഇടമാണിത്. അതേസമയം, പിന്നാമ്പുറങ്ങളില്‍ സെക്സ് മസാജിങ് സെന്ററുകള്‍ ഉണ്ടെന്നതും വസ്തുതയാണ്.
വൈവിധ്യങ്ങള്‍ നിറഞ്ഞ കാഴ്ചകളും പ്രകൃതിസൗന്ദര്യവും കടലോര കാഴ്ചകളും രൂചിയൂറും വിഭവങ്ങളുമൊക്കെയാണ് പട്ടായ സഞ്ചാരികളുടെ ഇടയില്‍ പ്രിയപ്പെട്ടതാകുന്നത്. തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ നിന്ന് 150 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായാണ് പട്ടായ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ബീച്ചുകള്‍ 15 കിലോമീറ്ററോളം നീണ്ടുകിടക്കുന്നവയാണ്. മത്സ്യത്തൊഴിലാളി ഗ്രാമങ്ങളും കൃഷിയിടങ്ങളും ഇവിടെ ധാരാളമുണ്ട്. എങ്കിലും പട്ടായ ഒരു വ്യവസായകേന്ദ്രവുമാണ്. വിയറ്റ്നാം യുദ്ധവേളയില്‍ ഇവിടം അമേരിക്കന്‍ സൈനികരുടെ വിശ്രമ വിനോദ കേന്ദ്രമായിരുന്നു. വര്‍ഷങ്ങള്‍ മുന്നോട്ട് പോയതോടെ പട്ടായ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മുഖം മിനുക്കി. ഒരു സെക്സ് ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന് ആഗോളതലത്തിലുള്ള ചീത്തപ്പേര് മാറ്റാനുള്ള ശ്രമങ്ങള്‍ ഇവിടെ കാര്യമായി നടക്കുന്നുണ്ട്. ഇപ്പോള്‍ കുടുംബങ്ങളും ധാരാളമായി ഇവിടെയെത്തി അവധി ആഘോഷിക്കുന്നുണ്ട്.
പട്ടായയിലെ മുഖ്യ ആകര്‍ഷണം വാക്കിങ് സ്ട്രീറ്റ് ആണ്. ആട്ടവും പാട്ടുമായി ഏഴുമണിയോടുകൂടി ഉണരുന്ന തെരുവ്. പുലര്‍ച്ചെ മൂന്നരവരെ പിന്നെ ആഘോഷങ്ങളുടെ പൂരമാണ്.വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ വിളമ്പുന്ന ഭക്ഷണശാലയാണ് സഞ്ചാരികളെ അതിശയിപ്പിക്കുന്നത്. തേളും പാമ്പും പാറ്റയുമൊക്കെയായി കളര്‍ഫുള്‍ വഴിയോരകടകള്‍. ചിപ്സ് വറുത്തുകൂട്ടിയിരിക്കുന്നത് പോലെയാണ് പാറ്റയെ വറുത്തുകോരിവച്ചിരിക്കുന്നത്. മലയാളികളില്‍ ഭൂരിഭാഗം പേര്‍ക്കും അവരുടെ ചില വിഭവങ്ങള്‍ അത്ര ആസ്വദകരമല്ലെങ്കിലും മറ്റു ചില രൂചിയൂറും വിഭവങ്ങളും അവിടെ കിട്ടും.നൈറ്റ് ക്ലബുകളും ആഘോഷരാവുകളും കഴിഞ്ഞാല്‍ പകല്‍സമയം മസാജ് സെന്ററിന്റെ ഊഴമാണ്. ഫൂട്ട് മസ്സാജ്, ഫേസ് മസ്സാജ്, ഓയില്‍ മസ്സാജ് തുടങ്ങി മനസ്സിനും ശരീരത്തിനും ഉണര്‍വ് നല്കുന്ന അരോമ മസ്സാജുകളും ഇവിടെയുണ്ട്.
ഈ കാഴ്ചകള്‍ക്കപ്പുറം കോറല്‍ ഐലന്‍ഡ് ബീച്ച്,ഫ്ലോട്ടിങ്ങ് മാര്‍ക്കറ്റ്,സാങ്ച്വറി ഓഫ് ട്രൂത്ത്( പട്ടായയില്‍ വരുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും കാണാതെ, അറിയപ്പെടാതെ പോകുന്ന ഒരു സ്ഥലമാണിത്. കടലിനോടു ചേര്‍ന്നു കിടക്കുന്ന ഒരു ബുദ്ധക്ഷേത്രമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം)അല്‍കസാര്‍ ഷോ, അങ്ങനെ നിരവധി കാഴ്ചകള്‍ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.