കോവിഡ് ഭീതിയൊഴിയാതെ പട്ടാമ്പി; പരിശോധനകള്‍ തുടരുന്നു

പാലക്കാട്: കൊവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ട പട്ടാമ്പി മേഖലില്‍ ഭീതി ഒഴിയുന്നില്ല. ശനിയാഴ്ച പട്ടാമ്പി കേന്ദ്രീകരിച്ച് നടത്തിയ ടെസ്റ്റില്‍ രോഗബാധ സ്ഥീരികരിച്ചത് 15 പേര്‍ക്കാണ്. ഞായറാഴ്ച മണ്ണെങ്ങോട് സ്‌കൂളില്‍ നടന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ 175 ആളുകള്‍ പങ്കെടുത്തു. ഇതില്‍ 8 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് ലഭിക്കുന്ന വിവരം. ശനിയാഴ്ച പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി നടത്തിയ പരിശോധനയില്‍ ഒരു മലപ്പുറം സ്വദേശിക്കും മൂന്നു തൃശ്ശൂര്‍ സ്വദേശികള്‍ക്കും ഉള്‍പ്പെടെയാണ് 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

തിരുവേഗപ്പുറ, തൃത്താല, ആനക്കര പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന ക്യാമ്പ് നടത്തിയത്. പട്ടാമ്പിയില്‍ കൊവിഡ് രോഗബാധിതരെ കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ തുടരുകയാണ്. തിങ്കളാഴ്ച പട്ടാമ്പി, വല്ലപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലായി രണ്ട് ക്യാമ്പുകളാണ് നടത്തുക. പട്ടാമ്പി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന മെഗാ ക്യാമ്പില്‍ പട്ടാമ്പി മണ്ഡലത്തിലുള്ളവര്‍ക്ക് പങ്കെടുക്കാം.

നേരത്തെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍, രോഗ ലക്ഷണങ്ങളുള്ളവര്‍, വളണ്ടിയേഴ്‌സ്, ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. അതോടൊപ്പം നേരത്തെ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയവരില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവരും ക്യാമ്പില്‍ പങ്കെടുക്കണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശം.

വല്ലപ്പുഴ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ക്യാമ്പില്‍ വല്ലപ്പുഴ പഞ്ചായത്തിലെയും പരിസരത്തെയും ആളുകള്‍ക്ക് പങ്കെടുക്കാം. രോഗലക്ഷണം ഉള്ളവര്‍, പോസിറ്റീവ് ആയവരുമായി നേരിട്ട് സമ്പര്‍ക്കത്തിലുള്‍പ്പെട്ടവര്‍, വാര്‍ഡ് തല സമിതികള്‍ കണ്ടെത്തിയവര്‍ എന്നിവരാണ് വല്ലപ്പുഴയിലെ ക്യാമ്പില്‍ പങ്കെടുക്കേണ്ടത്. വല്ലപ്പുഴയില്‍ നടക്കുന്നത് ചെറിയ ക്യാമ്പ് ആയതിനാല്‍ മറ്റ് പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ പട്ടാമ്പിയിലാണ് പങ്കെടുക്കേണ്ടത്. ടെസ്റ്റിന് എത്തുന്നവരെ ആരോഗ്യവകുപ്പ് സ്‌ക്രീന്‍ ചെയ്താണ് പരിശോധനക്ക് വിധേയമാക്കുക.

പാലക്കാട് ജില്ലയില്‍ നിലവില്‍ 367 പേരാണ് ചികിത്സയിലുള്ളത്. പുതുതായി 42 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 21 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.

SHARE