പൗരത്വ ഭേദഗതി നിയമം നടപ്പാക്കരുതെന്ന് എന്‍.ഡി.എ ഘടക കക്ഷിയായ പട്ടാളി മക്കള്‍ കക്ഷി

ചെന്നൈ: പൗരത്വ നിയമ ഭേദഗതി തമിഴ്‌നാട്ടില്‍ നടപ്പാക്കരുതെന്ന് എന്‍.ഡി.എ സഖ്യക്ഷിയായ പട്ടാളി മക്കള്‍ കക്ഷി. പൗരത്വ നിയമ ഭേദഗതിയില്‍ മുന്‍ നിലപാട് തിരുത്തി തമിഴ്‌നാട്ടില്‍ നിയമം നടപ്പാക്കരുതെന്ന ആവശ്യം ഉന്നയിച്ച് പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി.

സി.എ.എയും എന്‍.ആര്‍.സിയും തമിഴ്‌നാട്ടില്‍ നടപ്പാക്കേണ്ട കാര്യമില്ലെന്നും, മറ്റൊരു രാജ്യവുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമല്ല തമിഴ്‌നാട്. ഇവിടെ ഇത് നടപ്പാക്കിയാല്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടാകും. അതുകൊണ്ട് തന്നെ പൗരത്വ ഭേദഗതി നിയമം തമിഴ്‌നാട്ടില്‍ നടപ്പാക്കേണ്ട ആവശ്യമില്ലെന്നും പട്ടാളി മക്കള്‍ കക്ഷി പ്രമേയത്തില്‍ വ്യക്തമാക്കി.

അതേസമയം പട്ടാളി മക്കള്‍ കക്ഷി എം.പിയായ അന്‍പുമണി രാംദാസ് രാജ്യസഭയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് വോട്ടു ചെയ്തിരുന്നു. രാജ്യസഭയും ലോക്‌സഭയും നിയമം പാസാക്കിയ ശേഷം വലിയ പ്രക്ഷോഭങ്ങളാണ് തമിഴ്‌നാട്ടില്‍ നടന്നത്. ഇതിന് പിന്നാലെയാണ് പട്ടാളി മക്കള്‍ കക്ഷി ഈ വിഷയത്തില്‍ ഇപ്പോള്‍ നിലപാട് തിരുത്തിയത്.

SHARE